ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്- സ്മൃതി ഇറാനി

റായ്പൂർ: ചത്തീസ്ഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ ദുബായിൽ നിന്ന് റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വാഗ്ദാനം ചെയ്ത മദ്യനിരോധനം നടത്താതെ കോൺഗ്രസ് ഛത്തീസ്ഗഡിലെ സ്ത്രീകളെ വഞ്ചിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊണ്ടഗാവ് അസംബ്ലി നിയോജക മണ്ഡലത്തിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സ്മൃതി ഇറാനി.

"ഞാൻ ആശ്ചര്യപ്പെടുന്നു. അധികാരം ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിനെ ഇനി ദുബായിലെ റിമോട്ട് കൺട്രോൾ ഉപയോഗിച്ച് പ്രവർത്തിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു. റിമോട്ട് ഇറ്റലിയിൽ നിന്നാണെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ ദുബായിലും റിമോട്ട് ഉള്ളതായി മനസ്സിലായി"- സ്മൃതി ഇറാനി പറഞ്ഞു.

മഹാദേവ് വാതുവെപ്പ് ആപ്പ് അഴിമതിയുമായി ബന്ധപ്പെട്ട പണവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തിടെ അറസ്റ്റ് ചെയ്ത ആളെക്കുറിച്ചും മന്ത്രി പരാമർശിച്ചു.

സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും വീടുവീടാന്തരം കയറിയിറങ്ങി കോൺഗ്രസ് സ്ത്രീകൾക്ക് വാഗ്ദാനം നൽകിയിരുന്നുവെന്നും സംസ്ഥാനത്തെ നിരപരാധികളായ സ്ത്രീകൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയതെന്നും സ്മൃതി ഇറാനി പറഞ്ഞു. മദ്യനിരോധനത്തിന് പകരം മദ്യം കുംഭകോണം നടത്തി 2000 കോടി രൂപയാണ് കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഫോറൻസിക് വിശകലനവും ഒരു 'ക്യാഷ് കൊറിയർ' നടത്തിയ പ്രസ്താവനയുമാണ് മഹാദേവ് വാതുവെപ്പ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് 508 കോടി രൂപ നൽകിയെന്ന ആരോപണത്തിന് കാരണമായതെന്ന് ഇ.ഡി അവകാശപ്പെട്ടിരുന്നു.

ഒരു അന്വേഷണവും നടത്താതെയാണ് തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെടുന്നവരെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും അവരുമായി ബന്ധമുള്ളതുകൊണ്ടാണെന്നും ഭൂപേഷ് ഭാഗേൽ നേരത്തെ പറഞ്ഞിരുന്നു.

Tags:    
News Summary - CM Bhupesh Baghel will now be operated by remote from Dubai: Smriti Irani in poll-bound Chhattisgarh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.