ന്യൂഡൽഹി: വൈകിയെത്തിയതിന് അധ്യാപിക 100 തവണ ഏത്തമിടിപ്പിച്ച ആറാം ക്ലാസുകാരി മരിച്ചു. ശിശുദിനാഘോഷത്തിന് 10 മിനിറ്റ് വൈകിയതിനാണ് പെൺകുട്ടിക്ക് കടുത്ത ശിക്ഷ അധ്യാപിക നൽകിയത്. മഹാരാഷ്ട്രയിലെ വാസിയിലെ ഒരു സ്കൂളിലാണ് സംഭവമുണ്ടായത്.
ശ്രീ ഹനുമത് വിദ്യ മന്ദിറിലെ ആറാം ക്ലാസ് വിദ്യാർഥിക്കാണ് ദുരനുഭവമുണ്ടായത്. വെള്ളിയാഴ്ച സ്കൂളിൽ 10 മിനിറ്റ് വൈകിയെത്തിയ കുട്ടിയോട് 100 തവണ ഏത്തമിടാൻ അധ്യാപിക ആവശ്യപ്പെടുകയായിരുന്നു. ഇത് ചെയ്തയുടൻ കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടു.
വീട്ടിലെത്തിയതിന് ശേഷം കുട്ടിയുടെ നില കൂടുതൽ മോശമായതിനെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ചു. നലാസോപോരയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചതെങ്കിലും ആരോഗ്യനില വീണ്ടും വഷളായതോടെ മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അധ്യാപികയുടെ കടുത്ത ശിക്ഷയാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കൾ രംഗത്തെത്തി. സ്കൂൾ ബാഗ് അഴിക്കാൻ പോലും അനുവദിക്കാതെയാണ് കുട്ടിയെ കൊണ്ട് ഏത്തമിടിപ്പിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് സ്കൂളിനെതിരെ ഉയർന്നത്. സ്കൂൾ വീണ്ടും തുറക്കാൻ അനുവദിക്കരുതെന്ന് മഹാരാഷ്ട്ര നവനിർമാണസേന ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.