ന്യൂഡൽഹി: പാർലമെൻറിൽ മതിയായ ചർച്ചകൾ നടത്താതെ കേന്ദ്ര സർക്കാർ നിയമങ്ങൾ ചുെട്ടടുക്കുന്നതിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. പാർലമെൻറിൽ വിശദമായ ചർച്ചകൾ നടക്കുന്നില്ലെന്നും ഇതുമൂലം പാസാക്കുന്ന ബില്ലുകൾക്ക് വ്യക്തത ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു. പാർലമെൻറ് എത്തിപ്പെട്ട ഇൗ ദുസ്ഥിതിക്ക് കാരണം ഇരുസഭകളിലും ബുദ്ധിജീവികളുടെയും നിയമജ്ഞരുടെയും അഭാവമാണെന്നും സുപ്രീംകോടതി ബാർ അസോസിയേഷന്റെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ചീഫ് ജസ്റ്റിസ് പറഞ്ഞു.
മുമ്പ് പാർലമെൻറിൽ അറിവ് പകരുന്ന നിർമാണാത്മകമായ ചർച്ച ഉണ്ടാകുമായിരുന്നു. പാർലമെൻറ് പാസാക്കുന്ന നിയമങ്ങളുടെ ലക്ഷ്യവും ഉദ്ദേശ്യങ്ങളും മനസ്സിലാക്കാൻ ആ ചർച്ചകൾ കോടതികൾക്ക് സഹായകമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളിലേക്ക് നാം തിരിഞ്ഞുനോക്കുേമ്പാൾ അവരിൽ ധാരാളം പേർ നിയമസമൂഹത്തിൽ നിന്നുള്ളവരാണ്. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ രാജ്യസഭയും ലോക്സഭയും അഭിഭാഷക സമൂഹത്തിൽ നിന്നുള്ളവരെ കൊണ്ടു നിറഞ്ഞിരുന്നു. അക്കാലത്ത് നിയമങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു.
ഇതോടെ കോടതികൾക്കു മേലുള്ള ഭാരം കുറയുമായിരുന്നു. ഒരു നിയമം പാസാക്കുേമ്പാൾ നിയമ നിർമാണ സഭ ചിന്തിക്കേണ്ടതും അതാണ്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ദയനീയമാണ്. നിയമങ്ങളിൽ വ്യക്തതയില്ല. ധാരാളം പഴുതുകളും അവ്യക്തതകളുമുണ്ട്. എന്തിനാണ് നിയമം ഉണ്ടാക്കിയതെന്ന് കോടതികൾക്ക് മനസ്സിലാകുന്നില്ല. ഇത് കൂടുതൽ നിയമവ്യവഹാരങ്ങളും ബുദ്ധിമുട്ടുകളും സർക്കാറിനും പൊതുജനങ്ങൾക്കും വലിയ നഷ്ടവുമാണ് വരുത്തിവെക്കുന്നത്. വിഷയത്തിൽ ഇതിൽ കൂടുതൽ പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
പത്തു മിനിറ്റ് കൊണ്ട് ഒരു ബിൽ എന്ന കണക്കിൽ എട്ടു ദിവസം കൊണ്ട് 22 ബില്ലുകൾ നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാസാക്കിയത് 'പാപ്രി ചാട്ട്' ഉണ്ടാക്കും പോലെയാണെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.