സി.ജെ റോയ്

ശ്വാസകോശവും ഹൃദയവും തുളച്ചുകയറി വെടിയുണ്ട; തത്ക്ഷണം മരണം; സി.ജെ റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ബംഗളൂരു: പ്രമുഖ വ്യവസായിയും റിയൽ എസ്റ്റേറ്റ് അതികായനുമായ ഡോ. സി.ജെ റോയുടെ മരണകാരണം ശ്വാസകോശവും ഹൃദയവും തുളഞ്ഞുകയറിയ വെടിയുണ്ടയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആദായ നികുതി റെയ്ഡിനിടെ വെള്ളിയാഴ്ച സ്വന്തം ഓഫീസിൽ വെച്ച് വെടിവെച്ച് ആത്മഹത്യ ചെയ്ത സി.ജെ റോയ് തൽക്ഷണം മരിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബൗറിങ് ​ഹോസ്പിറ്റൽ മെഡിക്കൽ സൂ​പ്രണ്ട് ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത്. 6.35 എം.എം വെടിയുണ്ട കണ്ടെത്തി. വെടിയുതിർത്ത നിമിഷം തന്നെ മരണവും സംഭവിച്ചു.

ഇടതുനെഞ്ചിലേക്കുതിർത്ത വെടിയുണ്ട ഹൃദയവും, ശ്വാസകോശവും തുളച്ചുകയറിയാണ് പോയത്. വിരലിലും, രക്ത സാംപിളുകളിലും പരിശോധന നടത്തി. കൂടുതൽ പരിശോധനാ ഫലങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

ഒറ്റ വെടി മാത്രമാണ് ഉതിർത്തതെന്ന് ​പൊലീസ് ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനയിലും വ്യക്തമാക്കുന്നു.

വെള്ളിയാഴ്ചയായിരുന്നു കേരളത്തിൽ നിന്നുള്ള ആദായ നികുതി സംഘത്തി​ന്റെ പരിശോധനക്കിടെ ബംഗളൂരുവിലെ ഓഫീസിൽ വെച്ച് കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു.

ജോയിന്റ് കമ്മീഷണർ, രണ്ട് എസ്.പിമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം (എസ്.ഐ.ടി) അന്വേഷണം നടത്തുന്നത്. റോയിയുടെ മരണത്തിനു പിന്നിലെ യഥാർത്ഥ കാരണം പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും വ്യക്തമാക്കി.

​റോയിയുടെ മരണത്തിന് കാരണം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ സമ്മർദമാണെന്ന് കുടുംബം ആരോപിച്ചു. സാമ്പത്തിക പ്രശ്നങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും, കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ ഇടപെടലുകളാണ് അദ്ദേഹത്തെ സമ്മർദത്തിലാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

മൂന്ന് ദിവസമായി തുടരുന്ന റെയ്ഡിനിടെ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നര മണിക്കൂറോളും സി.ജെ റോയിയെയും ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ഓഫീസിലെ കാബിനിലേക്ക് പോയ ശേഷമാണ് സ്വന്തം ​കൈതോക്ക് ഉപയോഗിച്ച് വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. ഉച്ച കഴിഞ്ഞ് 3.15നും 3.30നുമിടയിലായിരുന്നു മരണം. 

Tags:    
News Summary - CJ Roy's postmortem signals immediate death from 6.35mm gunshot wound to heart and lungs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.