പൗരന്മാർ സംസാര-ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മൂല്യം തിരിച്ചറിയണം; സ്വയം നിയന്ത്രണം പാലിക്കണമെന്നും സുപ്രീംകോടതി

ന്യൂഡൽഹി: പൗരന്മാർ സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മൂല്യം അറിഞ്ഞിരിക്കണമെന്നും സ്വയം നിയന്ത്രണം പാലിക്കണമെന്നും സുപ്രീംകോടതി. സമൂഹ മാധ്യമങ്ങളിലെ കുറ്റകരമായ പോസ്റ്റുകൾ നിയന്ത്രിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഷർമിഷ്ഠ പനോലിക്കെതിരെ പരാതി നൽകുകയും പിന്നീട് അറസ്റ്റു ചെയ്യപ്പെടുകയും ചെയ്ത വജാഹത്ത് ഖാന്റെ ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി.വി നാഗരത്നയും കെ.വി വിശ്വനാഥനും ഉൾപ്പെടുന്ന ബെഞ്ച് ഈ പ്രസ്താവന നടത്തിയത്.

‘എക്സി’ൽ ഹിന്ദു ദൈവത്തിനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ച് നിരവധി എഫ്‌.ഐ.ആറുകൾ വജാഹത്ത് ഖാനെതിരെ രജിസ്റ്റർ ചെയ്തിരുന്നു. ജൂൺ 9നാണ് കൊൽക്കത്ത പൊലീസ് ഖാനെ അറസ്റ്റ് ചെയ്തത്. ഖാന്റെ ചില പഴയ ട്വീറ്റുകളുടെ പേരിൽ അസം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഹരിയാന എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ തനിക്കെതിരെ എഫ്‌.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് കാണിച്ച് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു.

ഒരു വിഡിയോയിൽ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ചാണ് സമൂഹ മാധ്യമ സ്വാധീനമുള്ള ഷർമിഷ്ഠ പനോലിക്കെതിരെ ഖാൻ പരാതി നൽകിയത്. തുടർന്ന് അവർ അറസ്റ്റ് ചെയ്യപ്പെടുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഷർമിഷ്ഠ പനോലിക്കെതിരെ താൻ സമർപ്പിച്ച പരാതിയുടെ പ്രതികാരമായിട്ടാണ് തനിക്കെതിരായ എഫ്‌.ഐ.ആറുകൾ എന്ന് ഖാൻ കോടതിയിൽ വാദിച്ചു. തുടർന്ന് ജൂൺ 23ന് ജൂലൈ 14 വരെ നിർബന്ധിത നിമയ നടപടികളിൽനിന്ന് സുപ്രീംകോടതി ഖാന് ഇടക്കാല സംരക്ഷണം നൽകിയിരുന്നു.

‘പൗരന്മാർ സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും മൗലികാവകാശത്തിന്റെ മൂല്യം മനസ്സിലാക്കണം. ലംഘനങ്ങൾ ഉണ്ടായാൽ രാജ്യത്തിന് നടപടിയെടുക്കാം. എന്നാൽ, അങ്ങനെ ഇടപെടണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഈ ഭിന്നിപ്പിക്കുന്ന പ്രവണതയെല്ലാം നിയന്ത്രിക്കേണ്ടതുണ്ടെന്നും ജഡ്ജി തുടർന്നു. ഇതുകൊണ്ട് അർഥമാക്കുന്നത് സെൻസർഷിപ്പല്ലെന്നും ബെഞ്ച് വ്യക്തമാക്കി. പൗരന്മാർക്കിടയിൽ സാഹോദര്യം ഉണ്ടായിരിക്കണമെന്നും സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുന്നത് പരിഗണിക്കവെ ബെഞ്ച് പറഞ്ഞു. 

ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) പ്രകാരം സംസാര സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും കീഴിലുള്ള ന്യായമായ നിയന്ത്രണങ്ങൾ ബെഞ്ച് അടിവരയിട്ടു. അവ ശരിയായി സ്ഥാപിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. അതേസമയം, കേസിൽ അടുത്ത വാദം കേൾക്കുന്നതുവരെ ഖാന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം ബെഞ്ച് നീട്ടി. പൗരന്മാരുടെ സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാരത്തിന്റെയും സ്വയം നിയന്ത്രണം എന്ന വലിയ പ്രശ്നം കൈകാര്യം ചെയ്യുന്നതിന് സഹായിക്കാൻ അഭിഭാഷകനോട് ആവശ്യപ്പെടുകയും ചെയ്തു.

Tags:    
News Summary - Citizens must know value of freedom of speech, says SC as it mulls guidelines on expression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.