യുണൈറ്റഡ് പഞ്ചാബ് പാർട്ടി (യു.പി.പി)യുടെ പ്രഖ്യാപനം കപൂർത്തലയിലെ പാസ്റ്റർ ഹർപ്രീത് ഡിയോൾ ഖോജെവാലയുടെ നേതൃത്വത്തിൽ നിർവഹിക്കുന്നു

അതിക്രമങ്ങൾക്ക് തടയിടാൻ രാഷ്ട്രീയ പാർട്ടി രൂപീകരിച്ച് പഞ്ചാബിലെ ക്രൈസ്തവർ: ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കും

ചണ്ഡീഗഡ്: മതപരിവർത്തനത്തിന്റെ പേരിൽ വിശ്വാസികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്ക് തടയിടാൻ രാഷ്ട്രീയ പാർട്ടി രൂപവത്കരിച്ച് പഞ്ചാബിലെ ക്രിസ്ത്യാനികൾ. പെന്തക്കോസ്ത് സഭ മുൻകൈയെടുത്താണ് യുണൈറ്റഡ് പഞ്ചാബ് പാർട്ടി (യു.പി.പി) എന്ന പേരിൽ പാർട്ടി രൂപവത്കരിച്ചത്.

‘എല്ലാവരെയും ഉൾക്കൊള്ളുന്ന സംഘടനയായാണ് യു.പി.പി പ്രവൃത്തിക്കുക. പെന്തക്കോസ്ത് സഭകൾക്ക് പുറമേ, കത്തോലിക്കർ ഉൾപ്പെടെയുള്ള മറ്റ് സഭകളുടെ പ്രതിനിധികളും പാർട്ടിയിൽ ഉണ്ട്’ -പാർട്ടി പ്രഥമ സംസ്ഥാന പ്രസിഡന്റ് ആൽബർട്ട് ദുവ ‘ദി പ്രിന്റി’നോട് പറഞ്ഞു.

കപൂർത്തലയിലെ ഓപൺ ഡോർ ചർച്ച് നടത്തുന്ന പാസ്റ്റർ ഹർപ്രീത് ഡിയോൾ ഖോജെവാലയുടെ നേതൃത്വത്തിൽ തിങ്കളാഴ്ചയാണ് പാർട്ടി പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡന്റായി ക്രിസ്ത്യൻ യുണൈറ്റഡ് ഫെഡറേഷൻ പഞ്ചാബ് തലവൻ ആൽബർട്ട് ദുവയെ ഏകകണ്ഠമായി തെരഞ്ഞെടുത്തു.

മേയ് 10ന് നടക്കുന്ന ജലന്ധർ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് തീരുമാനം. പാർട്ടിയുടെ ജില്ലാ-ബ്ലോക്ക് തല കമ്മിറ്റികൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുവ പറഞ്ഞു. ‘പാർട്ടിയുടെ രജിസ്ട്രേഷനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്ട്രേഷൻ പൂർത്തിയായില്ലെങ്കിൽ ഞങ്ങളുടെ സ്ഥാനാർഥി സ്വതന്ത്രനായി മത്സരിക്കും’ -അദ്ദേഹം പറഞ്ഞു.

പഞ്ചാബിലെ ക്രിസ്ത്യാനികൾ നേരിടുന്ന വെല്ലുവിളികളും സമുദായത്തിന്റെ പ്രശ്‌നങ്ങളും സർക്കാറിനോട് ഉന്നയിക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധിയും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ പാസ്റ്റർ ഹർപ്രീത്, പാർട്ടി രൂപവത്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു.

‘2011ൽ ക്രിസ്ത്യാനികൾക്ക് സ്വന്തമായി സെമിത്തേരി നിർമിക്കുമെന്ന് പഞ്ചാബ് സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അത് നടപ്പാക്കിയില്ല. ഒരു ക്രിസ്ത്യാനി മരിച്ചാൽ സംസ്കരിക്കാൻ ഒരു ശ്മശാനം പോലുമില്ല എന്നത് എത്രമാത്രം ദാരുണമാണ്’ -ഹർപ്രീത് പറഞ്ഞു.

യുണൈറ്റഡ് പഞ്ചാബ് പാർട്ടി പേര് സൂചിപ്പിക്കുന്നത് പോലെ പഞ്ചാബിലെ വിവിധ ക്രിസ്ത്യൻ സമുദായങ്ങളെ ഒരൊറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. ‘പഞ്ചാബിലെ 10ലക്ഷ​ത്തോളം ക്രൈസ്തവ വിശ്വാസികൾക്ക് അധികാരത്തിലിരിക്കുന്ന സർക്കാരിനോട് തങ്ങളുടെ ആവശ്യങ്ങൾ ഒറ്റക്കെട്ടായി ഉന്നയിക്കാൻ കഴിയണം. എല്ലാവർക്കും നന്മയ്‌ക്കും കൂട്ടായ്‌മയ്‌ക്കുമായി ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ഞങ്ങൾ ആക്രമിക്കപ്പെടുമ്പോൾ പ്രതിനിധീകരിക്കാൻ ആരുമില്ല. അതാണ് രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന്​ പ്രേരിപ്പിച്ച പ്രധാന ഘടകം’ ഹർപ്രീത് ഡിയോൾ ഖോജെവാല പറഞ്ഞു, താൻ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും മതപരമായ പ്രവർത്തനങ്ങളിൽ മാത്രം തുടരുമെന്നും വൈദികൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Christians in Punjab launched political party -United Punjab Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.