ന്യൂഡൽഹി: രാജ്യത്ത് വർധിച്ചുവരുന്ന പീഡനങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഒരു കൂട്ടം ക്രിസ്ത്യൻ വനിതാ നേതാക്കൾ, മത മേധാവികൾ, സമുദായ പ്രതിനിധികൾ, ക്രിസ്ത്യൻ സംഘടനകൾ എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ വിശ്വാസത്തിന്റെ പേരിൽ ആക്രമണത്തിനിരയായ, ആറുമാസം ഗർഭിണിയായ ആദിവാസി യുവതിക്ക് ഗർഭം അലസിയതടക്കമുള്ള സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് ഈ നീക്കം.
2025 ജനുവരി 2ന് ഛത്തീസ്ഗഡിലെ ബസ്തറിലെ ബഡെ ബോദൽ ഗ്രാമത്തിൽ 25 കാരിയായ കുനിക കശ്യപ്, രോഗിയായ ബന്ധുവിന് വേണ്ടി പ്രാർത്ഥിക്കവെയായിരുന്നു ആക്രമണം നേരിട്ടത്. ഗ്രാമത്തലവൻ ഗംഗാ റാം കശ്യപും ഇയാളുടെ ഭാര്യയും അവരുടെ മകളും ചേർന്ന് ക്രിസ്ത്യൻ വിശ്വാസം പ്രകടിപ്പിച്ചതിന്റെ പേരിലാണ് ആക്രമണം അഴിച്ചുവിട്ടതെന്നും കത്തിൽ പറയുന്നു.
പ്രാർത്ഥന നടത്തുമെന്ന സംശയത്തിൽ ഗ്രാമത്തലവൻ അവളെ പിന്തുടരുകയും ബന്ധുവുമായുള്ള സംഭാഷണം ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. യുവതി ഇതിനെ എതിർത്തതോടെ പ്രകോപിതനായ ഇയാൾ ക്രൂരമായ ആക്രമണം നടത്തുകയായിരുന്നു. ഇയാളുടെ ഭാര്യയും മകളും ചേർന്ന് മുളവടികൊണ്ട് അടിക്കുകയും വയറ്റിലും നെഞ്ചിലും തലയിലും ചവിട്ടുകയും ചെയ്തു. സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ഗർഭം അലസി.
ഗ്രാമത്തിലെ 120തോളം കുടുംബങ്ങളിൽ 50ഉം ക്രിസ്ത്യാനികളാണ്. കുനികയും അവളുടെ ഭർത്താവും ഇതിൽപടും. 20 വർഷത്തിലേറെയായി ഇവർ വിശ്വാസം ആചരിക്കുന്നു. ഈ സംഭവം നടുക്കുന്നതാണെന്നും എന്നാൽ, ഇതാദ്യമല്ലെന്നും രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.
ഛത്തീസ്ഗഡ്, ജാർഖണ്ഡ്, തമിഴ്‌നാട്, മണിപ്പൂർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരെ റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമ സംഭവങ്ങളുടെ ഒരു പരമ്പര പട്ടികപ്പെടുത്തുന്നതാണ് കത്ത്. എന്നാൽ, മണിപ്പൂരിലെ സ്ഥിതി പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അവിടെ ക്രിസ്ത്യൻ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ 2023 മെയ് മുതൽ വിനാശകരമായ തോതിൽ വർധിച്ചതായി അതിൽ പറയുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി ആദ്യമായി അധികാരത്തിൽ വന്ന 2014 മുതൽ ഇത്തരം സംഭവങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി വെബ് പോർട്ടലായ ‘ദി വയർ’ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, 2024ൽ ക്രിസ്ത്യാനികൾക്കെതിരായ അത്തരം 834 അക്രമ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും 2023 ൽ 734 ൽ നിന്ന് 100 ആയി അവ വർധിച്ചുവെന്നും യുനൈറ്റഡ് ക്രിസ്ത്യൻ ഫോറം അടുത്തിടെ പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തിയിരുന്നു.
ക്രിസ്ത്യൻ വിശ്വാസം പിന്തുടരാൻ തെരഞ്ഞെടുക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട ജാതികളിൽ നിന്നുള്ള ആളുകൾക്കെതിരെ ഹിന്ദുത്വ പ്രവർത്തകരും തെറ്റായ മതപരിവർത്തന കേസുകൾ ഫയൽ ചെയ്തതെങ്ങനെയെന്ന് ‘ദി വയറിനായി’ ഒമർ റാഷിദ് നടത്തിയ റിപ്പോർട്ടുകളുടെ പരമ്പരയും എടുത്തുകാണിക്കുന്നു.
‘ചിട്ടയായ ഇത്തരം ആക്രമണങ്ങൾ നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന, ലക്ഷ്യം വച്ചുള്ള അക്രമത്തിന്റെ ഭയാനകമായ രീതിയാണ് പ്രകടമാക്കുന്നതെന്നും’ നിവേദനത്തിൽ പറയുന്നു. ‘രാജ്യത്തെ വിശാലമായ ജനങ്ങളും അതിന്റെ രാഷ്ട്രീയ അധികാരികൾ, ജുഡീഷ്യറി, ബ്യൂറോക്രസി, സിവിൽ സമൂഹം പോലും ഈ അക്രമം ശ്രദ്ധിക്കാതെ പോയതായി തോന്നുന്നു. യേശുക്രിസ്തുവിനെ അനുഗമിക്കുന്നു എന്നതല്ലാതെ മറ്റൊരു കാരണവുമില്ലാതെയാണ് ഇവർ ഇരകളാക്കപ്പെടുന്നതെന്നും കത്തിൽ എടുത്തുപറഞ്ഞു.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ കേസുകളിലും ദ്രുതഗതിയിലുള്ള അന്വേഷണം, ദുർബലരായ ക്രിസ്ത്യൻ സ്ത്രീകൾക്ക് സംരക്ഷണം, അക്രമം നടത്തുന്നവർക്കെതിരെ നടപടിയെടുക്കൽ, നിലവിലുള്ള ഭരണഘടനാപരമായ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ ജുഡീഷ്യറി, ഭരണകൂടം, പോലീസ് എന്നിവ സംയുക്തമായി പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഇതിൽ ഇടപെടണമെന്നും വനിതാ നേതാക്കളും മതമേലധ്യക്ഷന്മാരും പ്രതിനിധികളും രാഷ്ട്രപതിയോട് അഭ്യർത്ഥിച്ചു.
എല്ലാത്തിനുമുപരി, ഇത്തരം അക്രമങ്ങൾ കേവലം വിശ്വാസ സ്വാതന്ത്ര്യം മാത്രമല്ല, മനുഷ്യന്റെ അന്തസ്സ് ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയെ അപമാനിക്കുന്നതാണെന്നും കത്തിൽ പറയുന്നു.
2024 ഡിസംബർ 31ന്, 400ലധികം മുതിർന്ന ക്രിസ്ത്യൻ നേതാക്കളും 30 ചർച്ച് ഗ്രൂപ്പുകളും അടങ്ങുന്ന ഒരു സംഘം രാഷ്ട്രപതി ദ്രൗപതി മുർമുവിനോടും പ്രധാനമന്ത്രി മോദിയോടും സമുദായത്തിനെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ പരിഹരിക്കാൻ അഭ്യർത്ഥിച്ചിരുന്നു.
ഇത്തരത്തിൽ നിരവധി അഭ്യർത്ഥനകൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇക്കാര്യം ശ്രദ്ധിക്കുമോ എന്നത് കണ്ടറിയണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.