പടന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ചരിത്ര മുന്നേറ്റം തുടരുമ്പോൾ, കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന്റെ ലോക് ജൻ ശക്തി (എൽ.ജെ.പി) പാർട്ടിയുടെ മുന്നേറ്റം ശ്രദ്ധേയമാകുന്നു. മത്സരിച്ച 29 സീറ്റുകളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച എൽ.ജെ.പി 22 സീറ്റുകളിലാണ് മുന്നേറുന്നത്. പാർട്ടി നേതാവായി ചിരാഗ് തന്റെ പ്രകടനം കൊണ്ട് പാർട്ടി സ്ഥാപകനായ രാം വിലാസ് പാസ്വാനെ പോലും മറികടന്നുവെന്നാണ് ചില രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ബിഹാർ രാഷ്ട്രീയത്തിലെ അതികായനായാണ് രാം വിലാസ് പാസ്വാനെ കണക്കാക്കുന്നത്.
പ്രമുഖ പാർട്ടികൾ വാഴുന്ന എൻ.ഡി.എയിൽ 29 സീറ്റുകൾ ലഭിക്കാൻ ചിരാഗ് പാസ്വാൻ വലിയ വില പേശലാണ് നടത്തിയത്. എൽ.ജെ.പിക്ക് 20ലേറെ സീറ്റുകൾ നൽകാൻ ബി.ജെ.പിയും എൻ.ഡി.എയും ആദ്യം തയാറായിരുന്നില്ല. സീറ്റ് കിട്ടില്ലെന്നുറപ്പായപ്പോൾ ചിരാഗ്, ജൻസുരാജിന്റെ പ്രശാന്ത് കിഷോറുമായി ചർച്ച നടത്തി സമ്മർദതന്ത്രം പയറ്റി. ഒടുവിൽ എൻ.ഡി.എയിൽ നിന്ന് 29സീറ്റുകൾ നേടിയെടുക്കുകയും ചെയ്തു. വില പേശി വാങ്ങിയ സീറ്റുകളായതിനാൽ വിജയം ഉറപ്പാക്കേണ്ടത് ചിരാഗിന്റെ ഉത്തരവാദിത്തമായിരുന്നു. നിയമ സഭ തെരഞ്ഞെടുപ്പിലെ പ്രകടനം കൊണ്ട് എതിരാളികളെ നിലംപരിശാക്കുന്ന രവീന്ദ്ര ജഡേജയെ പോലെ എൻ.ഡി.എയിലെ ഫിനിഷറായി ചിരാഗ് മാറിയതുകണ്ട് അമ്പരക്കുകയാണ് രാഷ്ട്രീയ ലോകം.
2024ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ച് സീറ്റുകളിലും പാർട്ടി വിജയിച്ചിരുന്നു. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ജെ.പിക്ക് ഒരു സീറ്റിൽ മാത്രമായിരുന്നു വിജയം. നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് തെറ്റിപ്പിരിഞ്ഞ ചിരാഗ് സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയാണ്. എൻ.ഡി.എയുടെ ഭാഗമായിരുന്ന ജെ.ഡി.യുവിന്റെ സ്ഥാനാർഥികൾക്കെതിരെയാണ് എൽ.ജെ.പി അന്ന് ആളുകളെ മത്സരിപ്പിച്ചത്. എന്നാൽ 137 സീറ്റുകളിൽ മത്സരിച്ചിട്ടും ഒരു സീറ്റിൽ മാത്രമാണ് എൽ.ജെ.പിക്ക് വിജയിക്കാൻ സാധിച്ചത്.
എന്നാൽ എൽ.ജെ.പിയുടെ മത്സരം ജെ.ഡി.യുവിനെയും നന്നായി ബാധിച്ചു. 2015ൽ 71 സീറ്റുകളുണ്ടായിരുന്ന ജെ.ഡി.യുവിന് 2020ൽ വലിയ തിരിച്ചടി നേരിട്ടു. സീറ്റുകളുടെ എണ്ണം 43ലേക്ക് ചുരുങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.