കോവിഡ് നിയന്ത്രണം; ഇന്ത്യക്കാർക്കുള്ള വിസ നിരോധനം പിൻവലിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കോവിഡ് മഹാമാരിയെ തുടർന്ന് രണ്ടു വർഷം മുമ്പ് ഇന്ത്യക്കാർക്ക് ഏർപ്പെടുത്തിയ വിസ നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തുന്നു. ഇന്ത്യൻ സാങ്കേതിക വിദഗ്ധർക്കും അവരുടെ കുടുംബങ്ങൾക്കും വിസ അനുവദിക്കാൻ ചൈന നടപടി തുടങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.

ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥികൾക്ക് പഠനം തുടരുന്നതിനായി ചൈനയിൽ മടങ്ങിയെത്താനുള്ള നടപടികൾ നേരത്തെ തന്നെ അധികൃതർ ആരംഭിച്ചിരുന്നു. എല്ലാ മേഖലകളിലും ജോലി പുനരാരംഭിക്കുന്നതിനായി ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന വിദേശ പൗരന്മാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും വിസ അപേക്ഷകൾ സ്വീകരിക്കുന്നതിന് ഇന്ത്യയിലെ ചൈനീസ് എംബസി തിങ്കളാഴ്ച കോവിഡ് വിസ നയം രണ്ട് വർഷത്തിന് ശേഷം പുതുക്കി.

കോവിഡിനെ തുടർന്ന് 2020 മുതൽ ഇന്ത്യയിൽ കുടുങ്ങികിടക്കുന്ന നൂറുകണക്കിന് സാങ്കേതിക വിദഗ്ധർക്കും കുടുംബാംഗങ്ങൾക്കും ഏറെ ആശ്വാസകരമാകുന്നതാണ് ചൈനയുടെ തീരുമാനം. ഇന്ത്യയിലുള്ള കുടുംബങ്ങളെ തിരിച്ചുകൊണ്ടുപോകുന്നതിന് ചൈനയുടെ മേൽ സമ്മർദം ശക്തമാക്കണമെന്ന് ചൈനയിലുള്ള നിരവധി ഇന്ത്യൻ പൗരന്മാർ കഴിഞ്ഞമാസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് അഭ്യർഥിച്ചിരുന്നു.

ചൈനയുടെ വിസ നിരോധനവും വിമാനം റദ്ദാക്കലും കാരണം വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന നിരവധി ചൈനീസ് പൗരന്മാരും ഇന്ത്യയിൽ കുടുങ്ങി കിടക്കുകയാണ്. അതേസമയം, വിനോദസഞ്ചാരത്തിനും സ്വകാര്യ ആവശ്യങ്ങൾക്കുമുള്ള വിസകൾക്കുള്ള നിയന്ത്രണം തുടരുമെന്നും ചൈനീസ് എംബസി അറിയിച്ചു.

നേരത്തെ, താൽപര്യമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ചൈനയിലേക്ക് മടങ്ങാമെന്ന് ചൈന അറിയിച്ചിരുന്നു. ചൈനയിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന 23,000 ഇന്ത്യൻ വിദ്യാർഥികളാണ് മടങ്ങിപോകാനാകാതെ രാജ്യത്ത് കുടുങ്ങി കിടക്കുന്നത്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർഥികളാണ്.

Tags:    
News Summary - China Removes 2-Year Covid Visa Ban For Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.