ഹിന്ദുത്വ ഗ്രൂപ്പിന് പണം നൽകിയില്ല; ബാലാജി ക്ഷേത്രത്തിലെ പൂജാരിക്ക് മർദനം, നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി

ഹൈദരാബാദ്: ഹിന്ദുത്വ ഗ്രൂപ്പായ ‘രാമരാജ്യ’ത്തിന് പണം നൽകിയില്ലെന്നും, സംഘടനയിലേക്ക് കൂടുതൽ പേരെ ചേർക്കാൻ സഹായിച്ചില്ലെന്നും കാണിച്ച് ചിൽകൂർ ബാലാജി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ രംഗരാജനെ ഒരുസംഘം ആളുകൾ ആക്രമിച്ചു. തങ്ങളുടെ ‘ദൗത്യ’ത്തെ പിന്തുണക്കാത്തതിനാണ് മർദിക്കുന്നതെന്ന് ‘ഇക്ഷ്വാകു’ വംശത്തിൽനിന്നുള്ളയാളാണെന്ന് അവകാശപ്പെട്ടയാൾ പറഞ്ഞതായി പൂജാരി പറഞ്ഞു. ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹിന്ദുത്വ സംഘനയാണ് ആക്രമണത്തിനു പിന്നിൽ.

ഈമാസം ഏഴിന് സ്വന്തം വസതിയിൽ വെച്ചാണ് പുരോഹിതൻ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് അറിയിച്ചു. രാവിലെ എട്ട് മണിയോടെ കറുത്ത വസ്ത്രം ധരിച്ച, 25ഓളം പേർ അടങ്ങിയ സംഘം വീട്ടിലെത്തി. സാമ്പത്തികമായി സഹായിക്കണമെന്നും ‘രാമരാജ്യം ആർമി’യിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യണമെന്നുമായിരുന്നു വീട്ടിലെത്തിയവരുടെ ആവശ്യം. എന്നാൽ ഇതിനു തയാറല്ലെന്ന് നിലപാടറിയിച്ചതോടെ രംഗരാജനെ വന്നവർ ആക്രമിച്ചു.

തൊട്ടടുത്ത ദിവസം രംഗരാജൻ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞെന്നു വ്യക്തമാക്കി. രാമരാജ്യത്തിന്റെ സ്ഥാപകനും പ്രധാനപ്രതിയുമായ രാഘവ റെഡ്ഡിയെ അന്നുതന്നെ കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലാണ് ഇയാളുടെ സ്വദേശം. തിങ്കളാഴ്ച രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെ കൂടി അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഖമ്മം, നൈസാമബാദ് ജില്ലകളിൽനിന്നാണ് ഇവർ പിടിയിലായത്.

സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗരാജനുമായി ഫോണിൽ സംസാരിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, പൊലീസിന് ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി. രാമരാജ്യത്തിന്റെ പേരിൽ അക്രമം നടത്തുന്നതിനെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സംസ്ഥാന ഐ.ടി മന്ത്രിയും വ്യക്തമാക്കി.

2022ൽ സമൂഹമാധ്യമങ്ങളിലൂടെയാണ് രാഘവ റെഡ്ഡി രാമരാജ്യം തുടങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. ഫേസ്ബുക്ക് പേജിനു പുറമെ യൂട്യൂബ് ചാനലുമുണ്ട്. ഭഗവദ്ഗീതയിലെ ശ്ലോകങ്ങൾ വളച്ചൊടിച്ച്, ‘ഹിന്ദുധർമ സംരക്ഷണ’ത്തിനായി ആളുകൾ രാമരാജ്യം ആർമിയിൽ ചേരണമെന്നായിരുന്നു ഇയാളുടെ ആഹ്വാനം. 20,000 രൂപ ശമ്പളത്തോടെയായിരുന്നു റിക്രൂട്ട്മെന്‍റ്. കഴിഞ്ഞ മാസം ആർമിയിൽ 25 പേർ ചേരുകയും ഇവർ ഈമാസമാദ്യം യോഗം കൂടുകയും ചെയ്തു. ഇതിനു ശേഷമാണ് ബാലാജി ക്ഷേത്രത്തിലെ പുരോഹിതനെ സമീപിച്ചത്.

Tags:    
News Summary - Chilkur Balaji priest attacked after declining support to Hindutva group ‘Rama Rajyam’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.