മുംബൈ: നഗരത്തിൽ പട്ടാപകൽ 17 കുട്ടികളെ ബന്ദികളാക്കി യുവാവ്. വ്യാഴാഴ്ച പൊവായ് മേഖലയിലാണ് സംഭവമുണ്ടായത്. ബലപ്രയോഗത്തിലൂടെയാണ് പൊലീസ് കുട്ടികളെ മോചിപ്പിച്ചത്. എയർ ഗണ്ണുകളും രാസവസ്തുക്കളും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തുവെന്ന് ഡെപ്യൂട്ടി കമീഷണർ ദത്ത നാൽവാഡെ പറഞ്ഞു. പൊലീസ് ബാത്ത്റൂമിലൂടെയാണ് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. സംഭവത്തിന് പിന്നിൽ ഒരാൾ മാത്രമേയുള്ളുവെന്നും പൊലീസ് അറിയിച്ചു.
നേരത്തെ കുട്ടികൾ ഗ്ലാസ് വിൻഡോയിലൂടെ കരയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മുംബൈ ആർ.എ സ്റ്റുഡിയോയിലാണ് സംഭവം. ഇവിടത്തെ തന്നെ ജീവനക്കാരായ രോഹിത് ആര്യയാണ് കുട്ടികളെ തടവിലാക്കിയതെന്നാണ് വിവരം. ഇയാൾ ഒരു യുട്യൂബർ കൂടിയാണ്. ഓഡിഷന്റെ പേരിലായിരുന്നു ഇയാൾ കെട്ടിടത്തിലേക്ക് കുട്ടികളെ എത്തിച്ചത്. സാധാരണയായി ഇവിടെ ഓഡിഷനുകൾ നടക്കാറുണ്ട്.
കഴിഞ്ഞ അഞ്ച് ദിവസമായി ഇയാൾ സ്റ്റുഡിയോയിൽ ഓഡിഷനുകൾ നടത്തുന്നുണ്ട്. വ്യാഴാഴ്ച രാവിലെ 100 കുട്ടികളാണ് ഓഡിഷനെത്തിയത്. ഇതിൽ 80 പേരെ ഇയാൾ പുറത്ത് പോകാൻ അനുവദിച്ചു. 15 മുതൽ 20 കുട്ടികളെ കെട്ടിടത്തിനുള്ളിൽ തടഞ്ഞുവെക്കുകയായിരുന്നു. ചില ആളുകളുമായി സംസാരിക്കാനാണ് താൻ കുട്ടികളെ ബന്ദികളാക്കിയതെന്നാണ് ഇയാൾ പറയുന്നത്.
തനിക്ക് പണം വേണമെന്ന ആവശ്യം ഇല്ലെന്നും മറ്റ് ഡിമാൻഡുകളില്ലെന്നും ഇയാൾ പറഞ്ഞു. ചില ചോദ്യങ്ങൾ തനിക്ക് ചോദിക്കാനുണ്ട്. അതിനുള്ള ഉത്തരങ്ങൾ ലഭിക്കണം. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റായ ഒരു നീക്കമുണ്ടായാൽ കുട്ടികളുടെ ജീവൻ അപകടത്തിലാവുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ അവസരോചിതമായി മുംബൈ പൊലീസ് നടത്തിയ ഇടപെടലാണ് കുട്ടികളുടെ ജീവനൻ രക്ഷിക്കാൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.