ഭോപ്പാൽ: രാഹുൽ ഗാന്ധി ഉൾപ്പടെ വിമർശനം ഉന്നയിച്ചതിന് പിന്നാലെ ഹുൾപുർ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് സ്റ്റീൽ പ്ലേറ്റ് ലഭിച്ചു. ജില്ലാ ഭരണകൂടമാണ് കുട്ടികൾക്ക് സ്റ്റീൽപ്ലേറ്റ് എത്തിച്ചത്. നേരത്തെ കുട്ടികൾക്ക് വേസ്റ്റ് പേപ്പറിൽ ഭക്ഷണം വിളമ്പിയത് വിവാദമായിരുന്നു. തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ളവർ സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം വിളമ്പിയ സംഭവം ലജ്ജാകരമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. ദൃശ്യം തന്റെ ഹൃദയം തകർത്തെന്നും മധ്യപ്രദേശിലേക്ക് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള ബി.ജെ.പി ഭരണം കുട്ടികളുടെ പാത്രങ്ങൾ പോലും അപഹരിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കുട്ടികൾ പേപ്പറിൽ ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോ പങ്കിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.
ഷിയോപുർ ജില്ലയിലെ ഹുല്ലാപുർ സർക്കാർ സ്കൂളിലാണ് കുട്ടികൾക്ക് പേപ്പറിൽ ഭക്ഷണം നൽകിയത്. പ്ലേറ്റുകളുടെ ക്ഷാമം ഉണ്ടായതോടെയാണ് കുട്ടികൾക്ക് കടലാസ്സിൽ ഭക്ഷണം നൽകിയതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. തുടർന്ന് സ്കൂളിൽ ഭക്ഷണം വിളമ്പാൻ കരാറെടുത്ത സ്വയംസഹായ സംഘത്തെ സസ്പെൻഡ് ചെയ്തു. പ്രിൻസിപ്പലിന് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയായ പ്രധാൻമന്ത്രി പോഷൺ ശക്തി നിർമാൺ പദ്ധതിയുടെ പോരായ്മകളാണ് പുറത്ത് വന്നതെന്ന് വിമർശനം ഉയർന്നിരുന്നു. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്ന് ബിജെപി വാഗ്ദാനംചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.