ന്യൂഡൽഹി: ജഡ്ജിമാർ കേവലം വാഗ്ദാനങ്ങൾ നൽകുന്നവരാവരുത്, പ്രവർത്തിച്ച് കാണിക്കണമെന്ന് കരുതുന്നതുകൊണ്ടാണ് മാധ്യമങ്ങൾക്ക് അഭിമുഖം നൽകാത്തതെന്ന് ചീഫ് ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണ ഗവായി. ബാർ കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. അംബേദ്കറുടെ ഭരണഘടനാ ആശയങ്ങളും പിതാവിന്റെ ആക്ടിവിസവുമാണ് തന്റെ നീതിന്യായ തത്ത്വശാസ്ത്രത്തെ രൂപപ്പെടുത്തിയത്. ജഡ്ജി സ്ഥാനം സ്വീകരിക്കണോ വേണ്ടയോ എന്ന് സംശയമുണ്ടായിരുന്നു. ഒരു അഭിഭാഷകനായി തുടർന്നാൽ ധാരാളം പണം സമ്പാദിക്കാം. എന്നാൽ, ഒരു ഭരണഘടനാ കോടതിയിലെ ജഡ്ജിയായാൽ, ഡോ. അംബേദ്കറുടെ ആശയമായ സാമൂഹികവും സാമ്പത്തികവുമായ നീതിയുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് പിതാവ് പറഞ്ഞിരുന്നു. ആ നിർദേശം അനുസരിക്കുന്നതിൽ താൻ സന്തുഷ്ടനാണ്- അദ്ദേഹം പറഞ്ഞു.
ജുഡീഷ്യൽ നിയമനങ്ങളിൽ കൂടുതൽ വൈവിധ്യം വേണം. കൂടുതൽ സ്ത്രീ, എസ്.സി, എസ്.ടി, ഒ.ബി.സി പങ്കാളിത്തമുണ്ടാവണം. കേസുകൾ കെട്ടിക്കിടക്കുന്നത് ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ജുഡീഷ്യറിയും എക്സിക്യുട്ടിവും സംയുക്തമായി ശ്രമിക്കണം. കോടതികളിൽ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിൽ നിയമനങ്ങൾ വേഗത്തിലാക്കണം. ഇതുസംബന്ധിച്ച് സർക്കാർ നടപടി ആവശ്യപ്പെടാൻ സോളിസിറ്ററിനോട് അഭ്യർഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആളുകളെ കാണാനും ഇടപഴകാനും ഇഷ്ടമാണ്. ചീഫ് ജസ്റ്റിസ് ആകാൻ ആഗ്രഹിക്കുന്ന ഒരു സുപ്രീംകോടതി ജഡ്ജി എന്ന നിലയിൽ, ആളുകളുമായി ഇത്രയധികം ഇടപഴകുന്നത് നല്ലതല്ലെന്ന് ചിലർ പറയാറുണ്ട്. സമൂഹത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ അവരുമായി ഇടപഴകണം ജഡ്ജിമാരെന്നാണ് വിശ്വാസം. നീതിന്യായ സംവിധാനം സമൂഹത്തിൽനിന്ന് മാറിനിൽക്കേണ്ടതല്ല. - ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമവാഴ്ചയും രാജ്യത്തിന്റെ ഭരണഘടനയും ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തെ സാധാരണക്കാരായ പൗരന്മാരിലേക്ക് എത്തിച്ചേരാൻ ശ്രമിക്കും. അതിലൂടെ, സാമൂഹികവും സാമ്പത്തികവുമായ സമത്വവും രാഷ്ട്രീയ സമത്വവും എന്ന ഭരണഘടനയുടെ ആമുഖം യാഥാർഥ്യമാക്കാൻ ശ്രമിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.