സ്വവർഗ പങ്കാളികളുടെ വിഷയങ്ങൾ പരിശോധിക്കാൻ സമിതിയുണ്ടാക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: സ്വവർഗ പങ്കാളികളുടെ മാനുഷികമായ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ഭരണപരമായ നടപടികൾ പരിശോധിക്കാൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയുണ്ടാക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം നിലപാടറിയിച്ചത്.

വിവാഹം നിയമവിധേയമാക്കുന്ന വിഷയത്തിലേക്ക് കടക്കാതെ സ്വവർഗ പങ്കാളികളുടെ വിവിധ വിഷയങ്ങളിലെ ആശങ്കകൾ പരിഗണിക്കണമെന്ന് ഏപ്രിൽ 27ന് നടന്ന വാദത്തിനിടെ ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. പങ്കാളികൾ സംയുക്തമായി ബാങ്ക് അക്കൗണ്ടുകൾ തുടങ്ങുന്നത്, പ്രോവിഡന്റ് ഫണ്ടുകളിലെ അനന്തരാവകാശം, വിവാഹത്തിന്റെ നിയമസാധുതയില്ലാതെ തന്നെ ഗ്രാറ്റ്വിറ്റി, പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കൽ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ച് കേന്ദ്ര സർക്കാറിനോട് ഇടപെടാൻ നിർദേശിച്ചത്.

ക്ഷേമത്തിനായി സമിതി രൂപവത്കരിക്കുന്നതിന് ഒന്നിലധികം മന്ത്രിമാരുടെ ഏകോപനം ആവശ്യമായതിനാലാണ് കാബിനറ്റ് സെക്രട്ടറിയിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സമിതിയുണ്ടാക്കുന്നതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. പരാതികളും നിർദേശങ്ങളും അറ്റോണി ജനറലിനോ സോളിസിറ്റർ ജനറലിനോ സമർപ്പിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. സ്വവർഗ പങ്കാളികളുടെ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഹരജിക്കാരുടെ അഭിഭാഷകരുടെ യോഗം വിളിക്കാമെന്ന ചീഫ് ജസ്റ്റിസിന്റെ നിർദേശത്തെ സോളിസിറ്റർ ജനറൽ അനുകൂലിച്ചു.

കോടതിക്ക് ജനപ്രിയ ധാർമികതയിലൂന്നി മുന്നോട്ടുപോകാനാകില്ലെന്നും ഭരണഘടന അനുശാസിക്കുന്ന രീതിയിലേ പ്രവർത്തിക്കാനാവൂവെന്നും കോടതി പറഞ്ഞു. രാജ്യത്തെ നിരവധി ട്രാൻസ്ജെൻഡറുകൾ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി വിവിധ ഹരജിക്കാരുടെ അഭിഭാഷകർ ശ്രദ്ധയിൽപെടുത്തിയപ്പോഴായിരുന്നു ബെഞ്ചിന്റെ മറുപടി. ഭരണഘടനക്കനുസരിച്ച് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഏഴാം ദിവസത്തെ വാദമാണ് ബുധനാഴ്ച പൂർത്തിയായത്.

Tags:    
News Summary - Centre tells SC it will form committee to look into problems of same-sex couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.