വിമാനങ്ങൾക്ക് ബോംബ് ഭീഷണി: കർശന നടപടി ഉറപ്പാക്കും; നിയമം ഭേദഗതി ചെയ്യുന്നത് പരിഗണനയിലെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: വിമാന സർവിസുകൾക്ക് വ്യാജ ബോംബ് ഭീഷണി ഉയർത്തുന്നവർക്ക് ആജീവനാന്ത വിമാനയാത്ര വിലക്ക് ഏർപ്പെടുത്തുന്നതരത്തിൽ വ്യോമയാന സുരക്ഷ നിയമത്തിൽ ഭേദഗതി പരിഗണനയിലെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഇത്തരക്കാർക്ക് പിഴയും ശിക്ഷയും ലഭിക്കുന്നതരത്തിൽ നിയമം കൊണ്ടുവരുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

വിമാന സർവിസുകളിൽ സുരക്ഷ ഭീഷണിയുണ്ടായാൽ പാലിക്കേണ്ട കർശന പരിശോധന മാനദണ്ഡങ്ങൾ അന്താരാഷ്ട്രതലത്തിൽ നിലവിലുണ്ട്. അത് രാജ്യത്തിനും ബാധകമാണ്. വിമാനക്കമ്പനികളുടെ സി.ഇ.ഒമാരടക്കമുള്ളവരുമായി നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ചകൾ നടന്നു. വ്യോമയാന സുരക്ഷയുമായി ബന്ധപ്പെട്ട 1982ലെ എസ്.യു.എ.എസ്.സി.എ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നുണ്ട്. വിമാനത്താവളങ്ങളിൽ സുരക്ഷ പരിശോധനകൾ കർശനമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതിനിടെ, വ്യാജ ബോംബ് ഭീഷണി വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഉന്നതതലയോഗം വിളിച്ചു. വ്യോമയാനരംഗത്തെ സുരക്ഷ ചുമതല വഹിക്കുന്ന ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്), വിമാനത്താവളങ്ങളുടെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ് എന്നിവരുടെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

നിലവിലെ അന്വേഷണപുരോഗതിയും നടപടികളും ബി.സി.എ.എസ് ഡയറക്ടർ ജനറൽ സുൽഫിക്കർ ഹസൻ, സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ രജ്‍വിന്ദർ സിങ് ഭട്ടി എന്നിവർ ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനെ അറിയിച്ചു. ഞായറാഴ്ച മാത്രം 20ലധികം വിമാന സർവിസുകൾക്കാണ് സുരക്ഷാ ഭീഷണിയുണ്ടായത്.

മൂന്ന് അന്താരാഷ്ട്ര സർവിസുകളടക്കം നാലു വിമാനങ്ങൾക്കെതിരെ ഭീഷണി ഉയർത്തിയ മുംബൈ സ്വദേശിയായ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളിൽ തർക്കമുണ്ടായതിനെതുടർന്ന് സുഹൃത്തിനെ കുടുക്കാനാണ് ഇയാൾ ഭീഷണി മുഴക്കിയതെന്ന് പൊലീസ് അറിയിച്ചു. വിവിധ സംഭവങ്ങളിലായി ഡൽഹി, മുംബൈ പൊലീസ് 12ഓളം എഫ്.ഐ.ആറുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Tags:    
News Summary - Centre says hoax callers to be on no fly list after bomb threats to 100 flights in past week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.