ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ബില്ലിന്മേൽ സംയുക്ത പാർലമെന്ററി സംയുക്ത സമിതി കൂടിയാലോചന തുടരുന്നതിനിടെ എൻ.ഡി.എക്ക് ഭൂരിപക്ഷമുള്ള നിയമസഭകളിലേക്ക് 2029ലെ പൊതുതെരഞ്ഞെടുപ്പിനൊപ്പം ഏകീകൃത തെരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ നീക്കം. ഇതിനായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നിയമസഭകൾ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിരിച്ചുവിടുന്ന കാര്യമാണ് കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.
2034ൽ ലോക്സഭയിലേക്കും എല്ലാ നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുകയെന്ന ബി.ജെ.പി അജണ്ടക്ക് വഴിയൊരുക്കുന്ന ഭരണഘടന ഭേദഗതി ബിൽ പ്രതിപക്ഷത്തിന്റെ എതിർപ്പിനിടയിൽ 2024 ഡിസംബറിലാണ് സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടത്.
സമിതിയുടെ കാലാവധി നിരന്തരം നീട്ടിക്കൊടുത്ത സർക്കാർ ഏറ്റവുമൊടുവിൽ അടുത്ത ശൈത്യകാല സമ്മേളനം വരെയാണ് നീട്ടിയത്. അതിനിടയിലാണ് 2034ന് പകരം 2029ൽ അജണ്ട നടപ്പാക്കാനുള്ള സാധ്യത ബി.ജെ.പി ആരായുന്നതെന്ന് ‘ദി ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻ.ഡി.എ സർക്കാറുകൾ ഇവിടെ ഭരണം നിലനിർത്തുകയാണെങ്കിൽ മന്ത്രിസഭയുടെ നിർദേശപ്രകാരം അതത് ഗവർണർമാർക്ക് 2029 ജനുവരിയോടെ ഈ 22 സംസ്ഥാനങ്ങളിലെയും ഭരണഘടനയുടെ ആർട്ടിക്ൾ 174 (2)(ബി) പ്രകാരം നിയമസഭകൾ പിരിച്ചുവിടാൻ കഴിയും.
സാധാരണയായി മന്ത്രിസഭയുടെ ഉപദേശപ്രകാരമോ സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെടുമ്പോഴോ ആണ് ഗവർണർ ഇങ്ങനെ ചെയ്യുന്നത്. നിയമസഭ പിരിച്ചുവിട്ടുകഴിഞ്ഞാൽ, ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് 1950ലെ ജനപ്രാതിനിധ്യ നിയമം അനുശാസിക്കുന്നു.
എൻ.ഡി.എക്ക് ഭൂരിപക്ഷമുള്ള 22 നിയമസഭകളിൽ 11 എണ്ണത്തിലും 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അടുത്ത രണ്ട് വർഷത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് കൂടാതെ ആന്ധ്രപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡിഷ എന്നീ നാല് സംസ്ഥാനങ്ങളിൽ നിലവിൽ ലോക്സഭക്കൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ നാല് സംസ്ഥാനങ്ങളിലും ഇപ്പോൾ എൻ.ഡി.എ ആണ് ഭരണത്തിലുള്ളത്.
2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം തെരഞ്ഞെടുപ്പ് നടത്താൻ നിയമസഭകൾ പിരിച്ചുവിടാൻ എൻ.ഡി.എ തീരുമാനിച്ചാൽ, ഗോവ, ഗുജറാത്ത്, മണിപ്പൂർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ നിയമസഭകളുടെ കാലാവധി മൂന്ന് വർഷവും ഛത്തിസ്ഗഢ്, മധ്യപ്രദേശ്, മേഘാലയ, നാഗാലൻഡ്, രാജസ്ഥാൻ, ത്രിപുര എന്നീ സംസ്ഥാനങ്ങളുടേത് നാല് വർഷവും വെട്ടിച്ചുരുക്കേണ്ടി വരും. ഈ സംസ്ഥാനങ്ങളിൽ യഥാക്രമം 2027ലും 2028ലുമാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കമുള്ള ചില ബി.ജെ.പി മുഖ്യമന്ത്രിമാർ ഇത്തരമൊരു പദ്ധതിയോട് ഇതിനകം പരസ്യമായ യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
പാർലമെന്ററി സംയുക്ത സമിതിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗോവ, ഉത്തരാഖണ്ഡ്, ഹരിയാന മുഖ്യമന്ത്രിമാരും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനെ പിന്തുണച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.