റാഞ്ചി: ഝാർഖണ്ഡിലെ ഗിരിഡിഹ്, ഹസാരിബാഗ് ജില്ലകളിൽ പൊലീസും പ്രതിഷേധിച്ച ഉദ്യോഗാർഥികളും തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 928 പേരെ പ്രതികളാക്കി മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 28 ആളുകളുടെ പേരെടുത്ത് പറഞ്ഞിട്ടുണ്ടെങ്കിൽ 900 പേർ അജ്ഞാതരാണ്.
സർക്കാർ ജോലി തടസ്സപ്പെടുത്തിയെന്നും പൊലീസുമായി ഏറ്റുമുട്ടിയെന്നും ആരോപിച്ച് റാഞ്ചിയിലെ കോട് വാലി പൊലീസ് സ്റ്റേഷനിൽ 14 പേരെ പേരെടുത്തും 200 അജ്ഞാതരെയും പ്രതികളാക്കി മൂന്ന് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് പുതിയ കേസുകൾ. ഹസാരിബാഗ് ജില്ലയിലെ കോറ പൊലീസ് സ്റ്റേഷനിൽ 18 പേരെ പേരെടുത്തും 700 അജ്ഞാതരെയും പ്രതികളാക്കി കേസെടുത്തതായി ഹസാരിബാഗ് സദർ ഡി.എസ്.പി രൂപക് കുമാർ സിങ് പറഞ്ഞു.
ഗിരിഡിഹിൽ വെള്ളി, ശനി ദിവസങ്ങളിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ടൗൺ പൊലീസ് സ്റ്റേഷനിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. ഹസാരിബാഗിൽ സർക്കാർ ജോലി തടസ്സപ്പെടുത്തുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്തെന്നാരോപിച്ചാണ് മറ്റൊരു എഫ്.ഐ.ആർ.
ഝാർഖണ്ഡിലെ റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ക്രമക്കേട് നടന്നെന്നാരോപിച്ച് വെള്ളിയാഴ്ച ആയിരക്കണക്കിന് വിദ്യാർഥികൾ ഗാന്ധി മൈതാനത്ത് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കോലം കത്തിക്കാനായി ഒത്തുകൂടിയിരുന്നു. ഇതിനിടെയാണ് പ്രതിഷേധക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.
ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോറ പൊലീസ് സ്റ്റേഷൻ ഇൻചാർജ് നെംധാരി രജക് പറഞ്ഞു. സംഘർഷത്തിൽ പങ്കെടുത്തവരെ തിരിച്ചറിയാൻ സി.സി.ടി.വി ദൃശ്യങ്ങളും മറ്റു വിഡിയോ ദൃശ്യങ്ങളും പരിശോധിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കോറ, ലോഹ്സിങ്ന, സദർ, ബഡാ ബസാർ പൊലീസ് സ്റ്റേഷനുകളിലെ നാല് എസ്.ഐമാർ ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും രജക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.