പ്രതീകാത്മക ചിത്രം
ചെന്നൈ: ഓണം ആഘോഷിക്കാൻ ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് മടങ്ങുന്ന മലയാളികൾക്ക് യാത്രാചെലവ് വർധിച്ചത് ഇരട്ടിയിലേറെ. നിലവിൽ കൂടിയ ടിക്കറ്റ് നിരക്ക് നൽകിയാലും സീറ്റ് കിട്ടാനില്ല.
വിമാന, ട്രെയിൻ, ബസ് സർവിസുകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിമാന ടിക്കറ്റ് നിരക്ക് സാധാരണ നിരക്കിന്റെ മൂന്നിരട്ടിയോളം ഉയർന്നപ്പോൾ ട്രെയിൻ ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നിരുന്നു. പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും അതെല്ലാം അപര്യാപ്തമാണെന്ന് പരാതിയുണ്ട്. കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന കുടുംബങ്ങളുടെ പ്രധാന ആശ്രയം ട്രെയിനുകളാണെങ്കിലും നീണ്ട വെയ്റ്റിങ് ലിസ്റ്റാണ് അവർക്ക് മുന്നിലുള്ളത്. ജനറൽ കോച്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
ട്രെയിൻ ടിക്കറ്റ് ലഭിക്കാത്തവർ സ്വകാര്യ അന്തർസംസ്ഥാന ബസുകളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഇതോടെ ചെന്നൈ-കേരള റൂട്ടിലെ സ്വകാര്യ ബസ് നിരക്കിലും ഗണ്യമായ വർധനയുണ്ടായി. ചെന്നൈ-തിരുവനന്തപുരം റൂട്ടിൽ എ.സി സ്ലീപ്പർ ടിക്കറ്റ് നിരക്ക് ചില സർവിസുകളിൽ 2500 മുതൽ 3200 രൂപ വരെയായി. സാധാരണ നിരക്ക് 1600 മുതൽ 1900 രൂപ വരെയാണ്. ചെന്നൈ-കൊച്ചി റൂട്ടിൽ എ.സി സ്ലീപ്പർ നിരക്ക് 2500 മുതൽ 3000 രൂപ വരെയായി ഉയർന്നിട്ടുണ്ട്.
സീറ്റുകളുടെ ലഭ്യത കുറയുന്നതിനനുസരിച്ച് നിരക്ക് വർധിപ്പിക്കുന്ന ഡൈനാമിക് പ്രൈസിങ് രീതിയാണ് പല സ്വകാര്യ ബസ് ഓപറേറ്റർമാരും പിന്തുടരുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്. ചെന്നൈയിൽനിന്ന് വടക്കൻ കേരളത്തിലേക്ക് സർക്കാർ ബസ് സർവിസുകൾ പരിമിതമാണ്. ഓണം പ്രമാണിച്ച് കെ.എസ്.ആർ.ടി.സി അധിക സർവിസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സീറ്റുകൾ ലഭ്യമല്ലെന്ന് ആക്ഷേപമുണ്ട്.
ചെന്നൈ-കൊച്ചി വിമാന ടിക്കറ്റ് നിരക്ക് സാധാരണയായി ഏകദേശം 5500 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 15,000ത്തോളം രൂപയായി ഉയർന്നിട്ടുണ്ട്. ചെന്നൈ-തിരുവനന്തപുരം നിരക്ക് 6000 രൂപയിൽനിന്ന് 15,000ത്തോളം രൂപയായും ചെന്നൈ-കോഴിക്കോട് നിരക്ക് 6200 രൂപയിൽനിന്ന് 18,000ത്തോളം രൂപയായും വർധിച്ചു. ചെന്നൈ-കണ്ണൂർ വിമാന നിരക്ക് സാധാരണ 5700 രൂപയാണെങ്കിൽ ഇപ്പോൾ ഏകദേശം 12,500 രൂപയാണ്. കൊച്ചി വഴി കണക്ഷൻ വിമാനത്തിൽ കണ്ണൂരിലേക്ക് യാത്ര ചെയ്യുന്നതിന് ചില സർവിസുകളിൽ 22,000ത്തോളം രൂപ വരെ ഈടാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.