ന്യൂഡൽഹി: ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് വീണ്ടും സൗഹൃദ വെല്ലുവിളിയുമായി പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. അരുണാചൽ പ്രദേശിലെ കുത്തൊഴുക്കുള്ള നദികളിൽ നീന്താനിറങ്ങും മുമ്പ് രാഹുലിന് പ്രത്യേക പരിശീലനം വേണമെന്ന സമൂഹ മാധ്യമ കുറിപ്പുമായാണ് റിജിജു എത്തിയത്. നല്ല ഒഴുക്കുള്ള ഒരു നദിയിൽ നീന്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് പരാമർശം. തനിക്ക് ഇത് കുട്ടിക്കാലം മുതലുള്ള ശീലവും കുട്ടിക്കളിയുമാണ്. എന്നാൽ രാഹുൽ ഗാന്ധിയെപ്പോലുള്ളവർക്ക് ഇതിന് പ്രത്യേക പരിശീലനം അത്യാവശ്യമാണെന്നും വെല്ലുവിളി നിറഞ്ഞ കുറിപ്പോടെയാണ് റിജിജു വിഡിയോ പോസ്റ്റിട്ടത്.
സ്വിമ്മിങ് പൂളുകളിലോ യമുന പോലെയുള്ള ശാന്തമായ നദികളിലോ നീന്തുന്നതുപോലെയല്ല അരുണാചലിലെ വന്യമായ നദികളിലെ നീന്തുന്നത്. ആഴവും ഒഴുക്കുമുള്ള ഇത്തരം പുഴകളിൽ നീന്തുമ്പോൾ തല ഉയർത്തിപ്പിടിക്കണമെന്നും ശരീരം നേരെ വെക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുലിനെ താൻ അനുകരിക്കുകയാണെന്നാണ് പലരും പറയുന്നത്. നീന്തൽ അറിയില്ലെങ്കിൽ ഒരിക്കലും ആഴത്തിലുള്ള വെള്ളത്തിലേക്ക് ചാടരുത്. നിരവധിപേർ മുങ്ങിമരിച്ചിട്ടുണ്ടെന്നത് ഓർക്കണം. "ഞാൻ ഇവിടുത്തെ കില്ലാടിയാണ്". അതുകൊണ്ട്, ഇത് എനിക്കൊരു സാധാരണ കാര്യമാണെന്നും കുറിപ്പിൽ പറഞ്ഞു.
ഫിറ്റ്നസിനെയും വ്യായാമങ്ങളെയും കുറിച്ച് ഇരുനേതാക്കളും തമ്മിൽ നടക്കാറുള്ള സൗഹൃദപരമായ വെല്ലുവിളികളുടെ തുടർച്ചയായാണ് ഈ പ്രതികരണവും പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ പാർലമെന്റിൽവെച്ച് രാഹുൽ ഗാന്ധിയുമായി ഫിറ്റ്നസിനെക്കുറിച്ച് സംസാരിക്കുന്ന വിഡിയോ റിജിജു പങ്കുവെച്ചിരുന്നു.
പിന്നീട് ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽവെച്ച് കണ്ടുമുട്ടിയപ്പോൾ രാഹുൽ ഗാന്ധി റിജിജുവിനെ ജിയു ജിറ്റ്സു പരിശീലനത്തിനായി ക്ഷണിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച റിജിജുവിനോട് "നമുക്ക് എപ്പോഴാണ് ജിയു-ജിറ്റ്‌സു സെഷൻ ഉള്ളത്?" എന്ന് രാഹുൽ തിരികെ ചോദിച്ചതും ചർച്ചയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.