10 ദിവസം കഴിഞ്ഞിട്ടും പാർലമെന്റ് സമ്മേളനം പിരിഞ്ഞതായി പ്രഖ്യാപിച്ചില്ല; മണ്ഡല പുനർ നിർണയ ബില്ലിൽ വീണ്ടും അഭ്യൂഹം

ന്യൂഡൽഹി: വർഷകാല സമ്മേളനം അവസാനിപ്പിച്ച് പാർലമെന്റിന്റെ ഇരുസഭകളും പിരിഞ്ഞ് 10 ദിവസം പിന്നിട്ടിട്ടും ഔദ്യോഗികമായി രേഖപ്പെടുത്താതെ കേന്ദ്ര സർക്കാർ. ഇതോടെ 2029ലെ ലോക്സഭാ ​തെരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡല പുനർനിർണയ ബിൽ പാസാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തുകയാണെന്ന അഭ്യൂഹം ശക്തമായി. സാധാരണഗതിയിൽ പാർലമെന്റ് പിരിഞ്ഞാൽ ഔദ്യോഗികമായി അക്കാര്യം രാഷ്​ട്രപതി വിജ്ഞാപനം ചെയ്യുന്നതോടുകൂടി മാത്ര​മേ പ്രാബല്യത്തിലാകൂ. എന്നാൽ 10 ദിവസം കഴിഞ്ഞിട്ടും പാർലമെന്റ് പിരിഞ്ഞ കാര്യം വിജ്ഞാപനം ചെയ്യാത്തതിന് പിന്നിൽ മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് വീണ്ടും പാർലമെന്റ് ചേരാനുള്ള ഗൂഢ നീക്കമാണെന്ന് കോൺഗ്രസ് ആരോപിച്ചു.

സാധാരണഗതിയിൽ പാർലമെന്റ് പിരിഞ്ഞാൽ ഔദ്യോഗിക വിജ്ഞാപനത്തിന് രണ്ട് മുതൽ നാല് ദിവസം വരെ മാത്രമേ എടുക്കാറുള്ളൂ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചൂണ്ടിക്കാട്ടി. എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും ഔദ്യോഗികമായി വിജഞാപനം ചെയ്തിട്ടില്ല. 2015ൽ 28 ദിവസവും 2021ൽ 20 ദിവസവും കഴിഞ്ഞാണ് പ്രഖ്യാപനമുണ്ടായതെന്നും പക്ഷെ ദുരൂഹ നീക്കങ്ങളൊന്നുമില്ലായിരുന്നുവെന്നും രമേശ് കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് മണ്ഡല പുനർനിർണയത്തിനുള്ള ഭരണഘടനാ ഭേദഗതി ബജറ്റ് സമ്മേളനത്തിൽ പാസാക്കാൻ നടത്തിയ ശ്രമം മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാതെ പരാജയപ്പെട്ടിരുന്നു. എന്നിട്ടും ശ്രമവുമായി മുന്നോട്ടുപോയ കേന്ദ്രം തൃണമുൽ കോൺഗ്രസിലെ 20 എം.പിമാരെ പിളർത്തിയെടുത്തും ഇൻഡ്യ സഖ്യത്തോട് പിണങ്ങിയ ഡി.എം.കെയെ ചേർത്തുനിർത്തിയും എൻ.സി.പി ശരത് പവാർ വിഭാഗത്തെ കൂട്ടുപിടിച്ചും വർഷകാല സമ്മേളനത്തിൽ വീണ്ടും ബിൽ കൊണ്ടുവരാൻ നോക്കി. ഡി.എം.കെയുടെ ചാഞ്ചാട്ടത്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലോക്സഭയിൽ തികക്കാനാവി​ല്ലെന്ന ആത്മവിശ്വാസക്കുറവ് കൊണ്ട് വീണ്ടും അവതരിപ്പിക്കാൻ കേ​ന്ദ്രത്തിനായില്ല.

തുടർന്ന് ആഗസ്റ്റ് 17,18 തിയതികളിൽ വീണ്ടും പാർലമെന്റ് പ്രത്യേകമായി ചേരുമെന്ന് അഭ്യൂഹം പരന്നുവെങ്കിലും അനിശചിതകാലത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ ഓം ബിർള 13ന് പ്രഖ്യാപിച്ചതോടെ അഭ്യൂഹങ്ങൾക്ക് അറുതി വന്നതായിരുന്നു. 

Tags:    
News Summary - 10 days after Parliament session ends, no official prorogation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.