മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിക്ക് സ്വന്തം പൗരത്വം തെളിയിക്കാൻ പെടാപ്പാട്!; എസ്‌.ഐ.ആറിനെതിരെ നവദീപ് സിങ് സൂരി

ന്യൂഡൽഹി: യു.എ.ഇയിലും ഈജിപ്തിലും ഇന്ത്യയുടെ അംബാസഡറായും ഓസ്ട്രേലിയയിൽ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ ഇന്ത്യൻ നയതന്ത്രജ്ഞനാണ് നവദീപ് സിങ് സൂരി. ഇപ്പോൾ പഞ്ചാബിൽ നടക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. രാജ്യത്തിന് വേണ്ടി വിദേശങ്ങളിൽ ഔദ്യോഗികമായി ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തിയെന്ന നിലയിൽ തനിക്ക് സ്വന്തം രാജ്യത്തെ പൗരത്വം തെളിയിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സാമൂഹിക മാധ്യമത്തിലൂടെയാണ് നവദീപ് സിങ് സൂരി തന്റെ ദുരനുഭവം പങ്കുവെച്ചത്. ബൂത്ത് ലെവൽ ഓഫീസർക്ക് തന്റെ വോട്ടർ ഐഡിയും ആധാർ കാർഡും നൽകിയപ്പോൾ എല്ലാം കൃത്യമാണെന്ന ഉറപ്പാണ് ലഭിച്ചതെന്നും എന്നാൽ പിന്നീട് 2003-ലെ വോട്ടർ പട്ടികയുമായി ചില വിവരങ്ങൾ ഒത്തുപോകുന്നില്ലെന്ന അറിയിപ്പ് വോളന്റിയർ വഴി ലഭിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തുടർന്ന് നോട്ടീസ് വാങ്ങി പൗരത്വം തെളിയിക്കാൻ ആവശ്യമായ രേഖകളുമായി ഹാജരാകാൻ ബി.എൽ.ഒ ആവശ്യപ്പെട്ടതായും സൂരി പറഞ്ഞു. 2003-ൽ താൻ ഇന്ത്യയിലുണ്ടായിരുന്നില്ലെന്ന് മറുപടി നൽകിയതോടെ പൗരത്വത്തിന്റെ തെളിവായി പാസ്‌പോർട്ട് ഹാജരാക്കാൻ ആവശ്യപ്പെടുകയായിരുന്നു. വോട്ടർ ഐഡിയും ആധാറും കൂടാതെ മറ്റ് ഔദ്യോഗിക രേഖകൾ കൈവശമുള്ള തനിക്ക് ഇത്രയും വലിയ പ്രയാസം നേരിടേണ്ടി വരുന്നുവെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം പരിതപിച്ചു. ജനജീവിതം കൂടുതൽ എളുപ്പമാക്കുന്നു എന്ന അവകാശവാദങ്ങളുടെ പൊള്ളത്തരം ഇതിലൂടെ വ്യക്തമാകുന്നതായും അദ്ദേഹം പരോക്ഷമായി വിമർശിച്ചു.

Tags:    
News Summary - Navdeep Singh Suri against SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.