സുപ്രീം കോടതിയിലേക്ക് മൂന്നു പുതിയ ജഡ്ജിമാർ കൂടി; ശിപാർശ അംഗീകരിച്ച് കേന്ദ്രം

ന്യൂഡൽഹി: സുപ്രീം കോടതിയിലേക്ക് മൂന്നു പുതിയ ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്രം. സുപ്രീം കോടതി കൊളീജിയത്തിന്റെ നിർദേശ പ്രകാരം കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എൻ. വി അഞ്ജരിയ, ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് വിജയ് ബിഷ്ണോയ്, ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് എ.എസ് ചന്ദർക്കർ എന്നിവർക്കാണ് നിയമനം. നിയമ മന്ത്രി അർജുൻ റാം മേഘ് വാൾ ആണ് എക്സിലൂടെ നിയമന വിവരം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം അവരുടെ ശിപാർശകൾ തിങ്കളാഴ്ച കേന്ദ്രത്തിന് അയച്ചിരുന്നു.

'2025 മെയ് 26-ന് നടന്ന യോഗത്തിൽ സുപ്രീം കോടതി കൊളീജിയം താഴെപ്പറയുന്ന ചീഫ് ജസ്റ്റിസുമാരെയും ഹൈകോടതി ജഡ്ജിമാരെയും സുപ്രീം കോടതിയിലെ ജഡ്ജിമാരായി ഉയർത്താൻ ശിപാർശ ചെയ്തു: (i) കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് ശ്രീ. ജസ്റ്റിസ് എൻ.വി. അഞ്ജരിയ, (ii) ഗുവാഹത്തി ഹൈകോടതി ചീഫ് ജസ്റ്റിസ് ശ്രീ. ജസ്റ്റിസ് വിജയ് ബിഷ്‌ണോയ്, (iii) ബോംബെ ഹൈകോടതി ജഡ്ജി ശ്രീ. ജസ്റ്റിസ് എ.എസ്. ചന്ദർക്കർ.' സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത പ്രസ്താവനയിൽ പറയുന്നു.

ജസ്റ്റിസ് അഞ്ജരിയ 2011 നവംബറിൽ ഗുജറാത്ത് ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി സ്ഥാനക്കയറ്റം നേടി. 2023 സെപ്റ്റംബറിൽ സ്ഥിരം ജഡ്ജിയായി. കഴിഞ്ഞ വർഷം ഫെബ്രുവരി 25 നാണ് അദ്ദേഹം കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തത്.

ഗുവാഹത്തി ഹൈകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസായ ജസ്റ്റിസ് ബിഷ്‌ണോയ് 2013 ജനുവരിയിൽ രാജസ്ഥാൻ ഹൈകോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2015 ജനുവരിയിൽ രാജസ്ഥാൻ ഹൈകോടതിയിൽ സ്ഥിരം ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു.

ജസ്റ്റിസ് അതുൽ എസ്. ചന്ദർക്കർ 2013 ജൂണിൽ ബോംബെ ഹൈകോടതിയുടെ അഡീഷണൽ ജഡ്ജിയായി സ്ഥാനക്കയറ്റം നേടി.

Tags:    
News Summary - Centre Clears Appointment Of 3 New Supreme Court Judges On Collegium's Recommendation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.