തീവ്ര ഹിന്ദുത്വക്കെതിരായ വിമർശനങ്ങൾ; നടൻ ചേതൻ അഹിംസയുടെ ഒ.സി.ഐ കാർഡ് കേന്ദ്രം റദ്ദാക്കി

ന്യൂഡൽഹി: കന്നഡ നടനും സാമൂഹിക പ്രവർത്തകനുമായ ചേതൻ കുമാർ എന്ന ചേതൻ അഹിംസയുടെ ഓവർസീസ് സിറ്റിസൻ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡ് കേന്ദ്രം റദ്ദാക്കി. 15 ദിവസത്തിനകം ഒ.സി.ഐ കാർഡ് തിരികെ നൽകണമെന്നാവശ്യപ്പെട്ട് ചേതന് ഫോറിനേഴ്സ് റീജനൽ രജിസ്ട്രേഷൻ ഓഫിസിന്റെ (എഫ്.ആർ.ആർ.ഒ) കത്ത് ലഭിച്ചത് ഇന്നലെയാണ്. കത്തിൽ കാണിച്ചിരിക്കുന്ന തീയതി മാർച്ച് 28 ആണ്.

ജഡ്ജിമാർക്കെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്നും മറ്റു ദേശദ്രോഹ പ്രവർത്തനങ്ങൾ നടത്തിയെന്നും കാണിച്ച് ചേതന് 2022 ജൂണിൽ എഫ്.ആർ.ആർ.ഒയുടെ കാരണം കാണിക്കൽ നോട്ടിസ് ലഭിച്ചിരുന്നു. ഇതിന് നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് ഇന്നലെ ലഭിച്ച കത്തിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. സർക്കാരിനെ ചോദ്യംചെയ്യുന്ന ആർക്കും മുന്നറിയിപ്പ് നൽകുന്ന, ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന നടപടിയാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകരെയും മറ്റും നിശബ്ദരാക്കാനും രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും സംസ്ഥാനതല ലോബികളുടെ പിന്തുണയോടെയുള്ള കേന്ദ്രത്തിന്റെ നടപടിയാണിതെന്നും ചേതൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ചേതന്റെ ഒ.സി.ഐ കാർഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വി.എച്ച്.പിയാണ് എഫ്.ആർ.ആർ.ഒയെ സമീപിച്ചത്. ഷിക്കോഗോയിൽ താമസിക്കുന്ന ചേതന് 2018ലാണ് ഒ.സി.ഐ കാർഡ് ലഭിച്ചത്.

ബ്രാഹ്മണിസത്തെക്കുറിച്ച് സംസാരിച്ച് തുടങ്ങിയതോടെയാണ് തനിക്കെതിരെ വലതുപക്ഷം തിരിയാൻ തുടങ്ങിയതെന്നാണ് ചേതൻ പറയുന്നത്. സംസ്ഥാനത്തെ സ്കൂളുകളിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ച് വരുന്നത് വിലക്കിയതിനെതിരായ ഹരജികൾ പരിഗണിച്ച കർണാടക ഹൈകോടതി ജഡ്ജി കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ച് ട്വീറ്റ് ചെയ്തതിനെത്തുടർന്ന് 2022 ഫെബ്രുവരിയിൽ ചേതനെ അറസ്റ്റ് ചെയ്തിരുന്നു.

ഹിന്ദുത്വയെ ചോദ്യം ചെയ്തുള്ള ട്വീറ്റുകളുടെ പേരിൽ ഈ മാർച്ച് 21നും ബംഗളൂരു പൊലീസ് ചേതനെ അറസ്റ്റ് ചെയ്തു. ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’ എന്ന് തുടങ്ങുന്ന ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയായിരുന്നു നടപടി. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിൽ ജാമ്യത്തിലാണ് നടൻ. 

Tags:    
News Summary - Centre cancels actor Chetan Ahimsa's OCI card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.