ഐ.​പി.​എ​ല്ലി​ന് ഗ്യാ​സ് ട്ര​ബി​ൾ; പാ​ച​ക​വാ​ത​കം കി​ട്ടാ​ത്ത​ത് സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​നെ ബാ​ധി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരങ്ങൾ മാർച്ച് 28ന് ആരംഭിക്കാനിരിക്കെ പാചക വാതകക്ഷാമം പ്രതിസന്ധിയുയർത്തുന്നു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ത്യയിലേക്കുള്ള പാചകവാതക വിതരണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. ഇത് ഐ.പി.എല്ലിനെയും ബാധിക്കുമെന്ന ആശങ്ക സംഘാടകർ തന്നെ പങ്കുവെച്ചു കഴിഞ്ഞു. ‘‘മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. 28ഓടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തുടരുകയാണെങ്കിൽ, മറ്റു മാർഗങ്ങൾ തേടേണ്ടിവരും. പാചക വാതകക്ഷാമം ടീമുകളെയും കളിക്കാരെയും മാത്രമല്ല കാണികളെയും ബാധിക്കും. അതിനാൽ ഞങ്ങൾ ഈ വിഷയത്തിൽ സൂക്ഷ്മമായ നിരീക്ഷണം നടത്തിവരുകയാണ്’’-ഐ.പി.എൽ ഗവേണിങ് കൗൺസിൽ ചെയർമാൻ അരുൺ ധുമൽ പറഞ്ഞു.

ഹോട്ടലുകൾ അടച്ചുപൂട്ടുന്നു

മുംബൈ, ബംഗളൂരു, ചെന്നൈ ഉൾപ്പെടെ പല നഗരങ്ങളിലും പാചകവാതക വിതരണം നിലച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. ചില ഹോട്ടലുകളിൽ കരുതിവെച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളും തീർന്നുകൊണ്ടിരിക്കുന്നു. താരങ്ങൾക്കും സപ്പോർട്ടിങ് സ്റ്റാഫിനും ഹോട്ടലുകളിൽ താമസമൊരുക്കുന്നത് നിലവിലെ സാഹചര്യത്തിൽ വലിയ വെല്ലുവിളിയാണ്. ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയിൽ താരങ്ങളും പരിശീലകരും ഉൾപ്പെടെ 30 മുതൽ 50 വരെ അംഗങ്ങളുണ്ടാകും. 10 ടീമുകൾക്കായി 10 പ്രമുഖ ഹോട്ടലുകളിൽ സൗകര്യമൊരുക്കണം. നിലവിലെ ഗ്യാസ് ക്ഷാമം കാരണം ഇത്രയും പേർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകാൻ ഹോട്ടലുകൾ പ്രയാസപ്പെടും.

യാത്രാ പ്രതിസന്ധിയും

പാചകവാതക ക്ഷാമം മാത്രമല്ല യുദ്ധം തുടർന്നാൽ യാത്രാ സൗകര്യങ്ങളെയും അത് ഗുരുതരമായി ബാധിക്കും. വ്യോമപാതകൾ അടക്കുകയും വിമാന സർവിസുകൾ വെട്ടിക്കുറക്കുകയും ചെയ്യുന്നത് ടീമുകളുടെ യാത്രയും വിദേശ താരങ്ങളുടെ വരവും അസാധ്യമാക്കും. ട്വന്റി20 ലോകകപ്പിനുശേഷം ദക്ഷിണാഫ്രിക്കൻ, വെസ്റ്റിൻഡീസ് താരങ്ങൾ നിലവിൽ ഇന്ത്യയിലുണ്ടെങ്കിലും വിമാനം ലഭ്യമായില്ലെങ്കിൽ മറ്റു താരങ്ങൾക്ക് ഇങ്ങോട്ടെത്താൻ കഴിയില്ല. ഇത് ഫ്രാഞ്ചൈസികളെ വലിയ രീതിയിൽ ബാധിക്കും. താരങ്ങളുടെയും സ്റ്റാഫിന്റെയും സുരക്ഷയും ലഭ്യതയും കണക്കിലെടുത്ത് ടൂർണമെന്റ് നീട്ടിവെക്കാൻ ഫ്രാഞ്ചൈസികൾ ബി.സി.സി.ഐയോട് ആവശ്യപ്പെടാനും സാധ്യതയുണ്ട്. ചില സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ കൂടി പ്രഖ്യാപിക്കാനിരിക്കുന്നത് ഷെഡ്യൂൾ തയാറാക്കുന്നതിലും വലിയ തടസ്സമാകുന്നു.

Tags:    
News Summary - IPL Trouble; Organisers say lack of gas will affect start of season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT