Representational Image

20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്ര സർക്കാർ; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന്

ന്യൂഡൽഹി: ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 20 യൂട്യൂബ് ചാനലുകൾക്കും രണ്ട് വെബ്സൈറ്റുകൾക്കും രാജ്യത്ത് നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാർ. വ്യാജവാർത്തകളും ഇന്ത്യാവിരുദ്ധ ഉള്ളടക്കവുമാണ് ഇവയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് കേന്ദ്ര വിവരസാങ്കേതിക വാർത്താവിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

പാകിസ്താനിൽ നിന്നാണ് ഈ യൂട്യൂബ് ചാനലുകളുടെയും വെബ്സൈറ്റുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കപ്പെടുന്നതെന്ന് മന്ത്രാലയത്തിന്‍റെ പ്രസ്താവനയിൽ പറയുന്നു. കശ്മീർ, ഇന്ത്യൻ സൈന്യം, ന്യൂനപക്ഷങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയ വിഷയങ്ങളിൽ വിഭാഗീയതയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ ഇവയിലൂടെ പ്രചരിപ്പിച്ചു. 20 ചാനലുകൾക്കുമായി 35 ലക്ഷം സബ്സ്ക്രൈബേർസുണ്ട്. വിഡിയോകൾക്ക് 55 കോടി വ്യൂ ലഭിച്ചിട്ടുമുണ്ട്.

പാകിസ്താനിലെ നയാ പാകിസ്താൻ ഗ്രൂപ്പിന് (എൻ.പി.ജി) ഇവയുടെ പ്രവർത്തനത്തിൽ പങ്കുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. കർഷക പ്രക്ഷോഭം, സി.എ.എ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ വിഷയങ്ങളിലും ചാനലുകൾ വിഡിയോകൾ ചെയ്തിട്ടുണ്ട്. ഇതുവഴി രാജ്യത്തെ ന്യൂനപക്ഷങ്ങളെ സർക്കാറിനെതിരാക്കാനുള്ള ശ്രമമാണ് നടന്നതെന്നും കേന്ദ്ര വിവരസാങ്കേതിക വാർത്താവിതരണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

Tags:    
News Summary - Centre bans 20 YouTube channels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.