ജമ്മു കശ്മീരിൽ ചെയ്തത് മറ്റു സംസ്ഥാനങ്ങളോട് ചെയ്യില്ലെന്ന് കേ​ന്ദ്രം

ന്യൂഡൽഹി: ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ എടുത്തുകളഞ്ഞത് പോലെ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടക്കമുള്ള ഒരു സംസ്ഥാനത്തോടും ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പു നൽകി​. ഭരണഘടനയുടെ ‘താൽക്കാലിക വ്യവസ്ഥ’യായ 370ാം അനുച്ഛേദവും വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം മറ്റു സംസ്ഥാനങ്ങൾക്കുള്ള ‘പ്രത്യേക വ്യവസ്ഥ’കളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് സുപ്രീംകോടതി അംഗീകരിച്ചാൽ സമാന ഭരണഘടനാ വ്യവസ്ഥകളുള്ള മണിപ്പൂർ അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ അതുണ്ടാക്കുന്ന പ്രത്യാഘാതത്തെ കുറിച്ച് ലോക്സഭയിലെ കോൺഗ്രസ് അംഗം കൂടിയായ പ്രമുഖ അഭിഭാഷകൻ മനീഷ് തിവാരി മുന്നറിയിപ്പ് നൽകിയപ്പോഴാണ് സോളിസിറ്റർ ജനറൽ കേ​ന്ദ്രത്തിന്റെ നിലപാട് അറിയിച്ചത്. കേന്ദ്ര സർക്കാറിന്റെ ഉറപ്പായി ഇതിനെ രേഖപ്പെടുത്തി മനീഷ് തിവാരിയുടെ ഹരജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് തള്ളി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഒരു കൂട്ടം ഹരജികളിൽ ഒമ്പതാം ദിവസം വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. മറ്റു വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾക്കുമുള്ള പ്രത്യേക വ്യവസ്ഥകൾ എടുത്തുകളയാൻ കേന്ദ്ര സർക്കാറിന് ഒരു ഉദ്ദേശ്യവുമില്ല എന്ന് മനീഷ് തിവാരിയുടെ വാദം ഖണ്ഡിച്ച തുഷാർ മേത്ത വ്യക്തമാക്കി. ജമ്മു കശ്മീരിനുള്ള ഭരണഘടന വ്യവസ്ഥ റദ്ദാക്കിയാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യാഘാതമുണ്ടാക്കുമെന്ന വാദം അങ്ങേയറ്റം ദുരുദ്ദേശ്യപരമാണെന്നും അതുകൊണ്ടാണ് താൻ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അദ്ദേഹം ബോധിപ്പിച്ചു.

ജമ്മു കശ്മീരിനുള്ള ഭരണഘടനാ വ്യവസ്ഥ താൽക്കാലികമാണെന്ന് മനസ്സിലാക്കണം. അതേസമയം, മറ്റു സംസ്ഥാനങ്ങൾക്കുള്ളതെല്ലാം പ്രത്യേക ഭരണഘടനാ വ്യവസ്ഥകളാണ്. അതിനാൽ ഇത്തരമൊരു ആശങ്ക വേണ്ട. ആശങ്ക സൃഷ്ടിക്കാൻ ആരും ശ്രമിക്കേണ്ട. അത്തരമൊരു ആശങ്കക്ക് കേ​ന്ദ്രത്തിന് വേണ്ടി താൻ അറുതി വരുത്തുകയാണെന്നും മേത്ത കൂട്ടിച്ചേർത്തു.

ഇത്തരമൊരു പ്രത്യാഘാതമുണ്ടാകുമെന്ന് താൻ തത്വത്തിൽ പറഞ്ഞാണെന്നും നിലവിലുളള കേന്ദ്ര സർക്കാറിനെ കുറിച്ചല്ല പറഞ്ഞതെന്നും മനീഷ് തിവാരി വ്യക്തത വരുത്തിയെങ്കിലും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അംഗീകരിച്ചില്ല. ഏതെങ്കിലും തരത്തിലുള്ള ഊഹങ്ങളോ ആശങ്കകളോ പ്രകടിപ്പിക്കാനല്ല ഭരണഘടനാ ബെഞ്ച് ഇരിക്കുന്നതെന്നും 370ാം അനുഛേദമെന്ന പ്രത്യേക വ്യവസ്ഥ ജമ്മു കശ്മീരിന് ബാധകമാണോ അല്ലേ എന്ന വിഷയം കേൾക്കാനാണെന്നും ചീഫ് ജസ്റ്റിസ് മനീഷ് തിവാരിയെ ഓർമിപ്പിച്ചു. ഇത് സംബന്ധിച്ച സുപ്രീംകോടതിയുടെ വ്യാഖ്യാനം ഭരണഘടനയുടെ മറ്റു വ്യവസ്ഥകളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളിലേക്കൊന്നും ഈ വിഷയത്തെ വിശാലമാക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

മനീഷ് തിവാരി പറഞ്ഞതും സുപ്രീംകോടതി തള്ളിയതും

ഇന്ത്യൻ ഭരണഘടനക്ക് രാഷ്ട്രീയ സാമൂഹിക മാനങ്ങൾ മാത്രമല്ല, ദേശസുരക്ഷയുടെ മാനം കൂടിയുണ്ട്. ബ്രിട്ടീഷുകാർ അതിരുകൾ നിർണയിച്ചത് ഉടമ്പടികളിലൂടെയായിരുന്നു​. ഇന്ത്യയുടെ വടക്കുകിഴക്കും വടക്കു പടിഞ്ഞാറും ബ്രിട്ടീഷുകാർ ഭരിച്ചത് ഇത്തരം ഉടമ്പടികളിലൂടെയാണ്. എന്നാൽ, സ്വതന്ത്ര ഇന്ത്യ ഈ അതിരുകൾ പരിപാലിച്ചത് ഭരണഘടനാപരമായ ഉറപ്പുകളിലൂടെയായിരുന്നു. കാരണം അവർ പരിപാലിച്ചത് സാമ്രാജ്യവും നമ്മൾ നിർമിച്ചത് ജനാധിപത്യവുമായിരുന്നു. അത് കൊണ്ടാണ് ഭരണഘടനയുടെ 370ാം അനുച്ഛേദം ജമ്മുകശ്മീരിനും 371ാം അനുച്ഛേദം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും ആറാം പട്ടിക അസമിനും ത്രിപുരക്കും മേഘാലയക്കും പ്രത്യേക വ്യവസ്ഥകൾ അനുവദിച്ചത്. വളരെ ആദരവോടു കൂടി താൻ ബോധിപ്പിക്കുകയാണ്. ഇന്ത്യയുടെ ഒരു ഭൂപ്രദേശത്ത് ഉണ്ടാകുന്ന ഒരു നേരിയ ആശങ്ക പോലും പ്രത്യാഘാതങ്ങളുണ്ടാകും. ചീഫ് ജസ്റ്റിസ് ഇപ്പോൾ അത്തരത്തിലുള്ള ഒരു വിഷയം മണിപ്പൂരിൽ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. താനതിലേക്ക് കടക്കുന്നില്ല. വടക്കു കിഴക്കൻ സംസ്ഥാനങ്ങളലേക്ക് കടക്കും മുമ്പ്...

ഇത്രയും തിവാരി പറഞ്ഞ​​പ്പോഴേക്കും സോളിസിറ്റർ ജനറൽ തുഷാർ മേത്ത എഴുന്നേറ്റ് കേന്ദ്രത്തിന്റെ നിലപാട് അറിയിക്കുകയും അത് അംഗീകരിച്ച് സുപ്രീംകോടതി ഹരജി തന്നെ തള്ളുകയും ചെയ്തു.

Tags:    
News Summary - Center will not do to other states what was done in Jammu and Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.