സർഗാത്മക ചിത്രം

പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി; പോരായ്മകൾ പരിഹരിക്കുമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ പോരായ്മകളും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ അറ്റോണി ജനറൽ ആർ. വെങ്കിട്ടരമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റേഷനുകളിലെ സി.സി.ടി.വി സംവിധാനങ്ങൾ പ്രവർത്തനരഹിതമായതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് ഉൾപ്പെടെയുള്ള ഹരജികളിലെ വാദത്തിനിടെയാണ് കേന്ദ്രം ഉറപ്പുനൽകിയത്.

കോടതിയുടെ മുൻ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി നേരിട്ട് ഹാജരായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട് മുമ്പ് നടന്ന യോഗങ്ങളിൽ കേന്ദ്ര സർക്കാറിനെ പ്രതിനിധാനം ചെയ്ത് അണ്ടർ സെക്രട്ടറി മാത്രം പങ്കെടുത്തതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഉന്നതതലത്തിലുള്ള പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ എ.ജിക്ക് നിർദേശം നൽകി. സി.സി.ടി.വി നിരീക്ഷണത്തിനായി കേരളം നടപ്പാക്കിയ സോഫ്റ്റ്‌വെയർ മാതൃക രാജ്യവ്യാപകമായി ഉപയോഗിക്കുന്നതിനെക്കുറിച്ച് കോടതി ചൊവ്വാഴ്ച വാദം കേൾക്കുന്നതിനിടെ പരാമർശിച്ചിരുന്നു.

ഓരോ സംസ്ഥാനവും പ്രത്യേക സോഫ്റ്റ്‌വെയറുകൾ വികസിപ്പിക്കുന്നതിന് പകരം കേരളത്തിന്റെ മാതൃക പിന്തുടരാൻ കേന്ദ്രത്തിന് നിർദേശിക്കാവുന്നതാണെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടു.

കേരളത്തിന് പുറമെ മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളും കേന്ദ്രീകൃത ഡാഷ്‌ബോർഡുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കേസ് ഏപ്രിൽ 28ന് വീണ്ടും പരിഗണിക്കും.

Tags:    
News Summary - CCTV in police stations; Centre says shortcomings will be addressed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.