ജനാർദനൻ റെഡ്ഡി

ഖനന രാജാവ് ജനാർദനൻ റെഡ്ഡിയുടെ സ്വത്ത് കണ്ടുകെട്ടാൻ അനുമതി തേടി സി.ബി.ഐ

ബംഗളൂരു: അനധികൃത ഖനനക്കേസിൽ വിവാദ ഖനന രാജാവ് ജി. ജനാർദനൻ റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ അനുമതി തേടി സി.ബി.ഐ ഹൈകോടതിയെ സമീപിച്ചു. കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ചയാളാണ് ഈയിടെ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപവത്കരിച്ച ജി. ജനാർദന റെഡ്ഡി. മുൻ മന്ത്രിയുമാണ്.

അനധികൃത ഖനനത്തിലൂടെ റെഡ്ഡിയും കുടുംബവും ആന്ധ്രയിലും തെലങ്കാനയിലുമായി സമ്പാദിച്ച 19.14 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള അനുമതി നൽകുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നാണ് ആവശ്യം. റെഡ്ഡിയുടെയും ഭാര്യയുടെയും അദ്ദേഹത്തിന്‍റെ കമ്പനികളുടെയും പേരിലാണ് ഈ സ്വത്തുക്കൾ.

റെഡ്ഡിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന് അനുമതി നൽകണമെന്ന് സി.ബി.ഐ കഴിഞ്ഞ ആഗസ്റ്റ് 30ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ നടപടിയുണ്ടാകാതിരുന്നതിനെത്തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. ബല്ലാരിയിലും പരിസരങ്ങളിലും നടത്തിയ 6.05 ലക്ഷം ടൺ ഇരുമ്പയിര് ഖനനത്തിലൂടെ സംസ്ഥാന ഖജനാവിന് 198 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതായി സി.ബി.ഐ കണ്ടെത്തിയിരുന്നു.

2011 സെപ്റ്റംബറിൽ സി.ബി.ഐ അറസ്റ്റുചെയ്ത ജനാർദനറെഡ്ഡി 2015 മുതൽ ജാമ്യത്തിലാണ്. അദ്ദേഹം ബല്ലാരിയിലും ആന്ധ്രയിലെ കടപ്പയിലും അനന്ത്പുരിലും പ്രവേശിക്കുന്നത് സുപ്രീംകോടതി വിലക്കിയിരുന്നു. അടുത്തിടെ പ്രത്യേക അനുമതിയോടെ ബല്ലാരിയിൽ പ്രവേശിക്കാൻ സുപ്രീംകോടതി അനുവാദം നൽകി. വടക്കൻ കർണാടകയിൽ ബി.ജെ.പിയുടെ ശക്തനായ നേതാവായിരുന്ന റെഡ്ഡി അടുത്തിടെ പാർട്ടി വിട്ട് കല്യാണരാജ്യ പ്രഗതിപക്ഷ എന്ന പേരിൽ സ്വന്തം പാർട്ടിക്ക് രൂപം നൽകിയിരുന്നു.

സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസിൽ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലുവർഷം ജയിലിലായിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നൽകുന്നത്. റെഡ്ഡിയുടെ നേതൃത്വത്തിൽ കോടികൾ വാരിയെറിഞ്ഞാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. തുടർന്നാണ് ബി.ജെ.പി നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈയിടെ പാർട്ടി വിട്ടത്.

Tags:    
News Summary - CBI seeks permission to confiscate properties of mining tycoon Janardhanan Reddy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.