വിമൽ നേഗി

രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച വിമൽ നേഗി കേസിൽ സി.ബി.ഐയുടെ ആദ്യ അറസ്റ്റ്

ഷിംല: രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഹിമാചൽ പവർ കോർപറേഷൻ ലിമിറ്റഡ് ചീഫ് എഞ്ചിനീയർ വിമൽ നേഗിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ സി.ബി.ഐയുടെ ആദ്യ അറസ്റ്റ്. കസ്റ്റഡിയിലെടുത്ത അസിസ്റ്റന്‍റ് സബ് എഞ്ചിനീയർ പങ്കജ് ശർമയുടെ അറസ്റ്റ് ആണ് സി.ബി.ഐ രേഖപ്പെടുത്തിയത്. ശർമയെ തിങ്കളാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാക്കും.

ശനിയാഴ്ച ഡൽഹിയിൽ നിന്ന് ഷിംലയിൽ എത്തിയ 10 അംഗ അന്വേഷണ സംഘമാണ് ഞായറാഴ്ച ഉച്ചക്ക് ശേഷം പങ്കജ് ശർമയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പങ്കജ് ശർമയെ പ്രത്യേക സംഘം വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് ശർമയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് സി.ബി.ഐ ഉദ്യോഗസ്ഥൻ അറിയിച്ചു.

2024 ജൂൺ 15നാണ് ഹിമാചൽ പവർ കോർപറേഷൻ ലിമിറ്റഡ് ചീഫ് എഞ്ചിനീയറായി വിമൽ നേഗി ജോലിയിൽ പ്രവേശിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് ജൂലൈ ഒന്നിന് മാനസിക സമ്മർദത്തെ തുടർന്ന് വിമൽ ചികിത്സ തേടി. 2025 മാർച്ച് പത്തിന് വിമൽ നേഗിയെ കാണാതായി.

എട്ട് ദിവസത്തിന് ശേഷം മാർച്ച് 18ന് ബിലാസ്പൂർ ജില്ലയിലെ ഗോബിന്ദ് സാഗർ തടാകത്തിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത റിപ്പോർട്ടിൽ വിമൽ നേഗി മരിച്ചത് മാർച്ച് 13നാണെന്ന് സ്ഥിരീകരിച്ചു. മാർച്ച് 10നും 14നും ഇടയിലുള്ള ദിവസങ്ങളിൽ ചീഫ് എഞ്ചിനീയർ എവിടെയായിരുന്നുവെന്ന ചോദ്യമാണ് സംശയമത്തിന് വഴിവെച്ചത്.

തുടർന്ന് ഹിമാചൽ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി അന്വേഷണം തുടങ്ങിയെങ്കിൽ യഥാർഥ മരണകാരണം കണ്ടെത്താൻ സാധിച്ചില്ല. ഇതിന് പിന്നാലെ ഉയർന്ന പൊതുജന പ്രതിഷേധത്തെ തുടർന്ന് ഹിമാചൽ ഹൈകോടതി വിഷയത്തിൽ ഇടപെടുകയും 2025 മെയ് 23ന് കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുകയായിരുന്നു. 

Tags:    
News Summary - CBI makes first arrest in Vimal Negi death case, takes ASI into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.