പ്രതീകാത്മക ചിത്രം (എ.ഐ നിർമിതം)

അർധരാത്രി ഡ്രോൺ പറപ്പിച്ച് കളി, പരിഭ്രാന്തരായി ജനം; ഒടുവിൽ സിനിമ കാമറാമാനെതിരെ കേസെടുത്ത് പൊലീസ്

മുംബൈ: അനുവാദമില്ലാതെ ഡ്രോൺ പറത്തിയെന്ന് കാണിച്ച് മുംബൈയിൽ സിനിമ കാമറാമാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊവായ് മേഖലയിലെ റെസിഡൻഷ്യൽ സൊസൈറ്റിയിൽ ഞായറാഴ്ച രാത്രി ഡ്രോൺ തകർന്നുവീണതിനെ തുടർന്നാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. താമസക്കാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഡ്രോൺ അങ്കിത് രാജേന്ദ്ര ഠാക്കൂർ (23) എന്ന ഛായാഗ്രാഹകന്‍റേതാണെന്ന് കണ്ടത്തുകയും ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തു.

ഇന്ത്യ -പാകിസ്താൻ സംഘർഷം നിലനിൽക്കെ ഡ്രോൺ ഉപയോഗിക്കുന്നതിന് രാജ്യത്ത് കർശന നിയന്ത്രണമുള്ളപ്പോഴാണ് യുവാവിന്‍റെ ഭാഗത്തുനിന്ന് നിരുത്തരവാദപരമായ നീക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. എന്നാൽ താൻ റീൽസ് ചിത്രീകരിക്കാൻ ഉപയോഗിക്കുന്ന ഡ്രോണാണിതെന്നും ജോലിയുടെ ഭാഗമായി ഒന്നരമാസം മുമ്പ് ഹൈദരാബാദിൽനിന്ന് മുംബൈയിൽ എത്തിയതാണെന്നും യുവാവ് പറഞ്ഞു. അടുത്തിടെ ചെറിയ തകരാർ വന്ന ഡ്രോൺ റിപ്പയർ ചെയ്യാൻ നൽകിയിരുന്നു. തിരികെ കിട്ടിയപ്പോൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധനക്കായി പറത്തിനോക്കിയതാണ്.

ലക്ഷം രൂപയിലേറെ വിലയുള്ള ഡ്രോൺ ബന്ധുവിൽനിന്ന് സമ്മാനമായി ലഭിച്ചതാണെന്ന് യുവാവ് പറയുന്നു. 250 ഗ്രാം ഭാരമുള്ള ഡ്രോൺ ഒരുകിലോമീറ്റർ വരെ ഉയരത്തിൽ പറക്കും. ഫാനിനായിരുന്നു തകരാർ സംഭവിച്ചത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് തിരികെ ലഭിച്ചത്. സൊസൈറ്റി പരിസരത്ത് ഒരു സുഹൃത്തിനൊപ്പം എത്തിയാണ് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ തീരുമാനിച്ചത്. ആദ്യം നല്ല രീതിയിൽതന്നെ പ്രവർത്തിച്ചു. എന്നാൽ 60 മീറ്റർ ഉയരത്തിൽ എത്തിയതിനു പിന്നാലെ താഴേക്ക് പതിക്കുകയായിരുന്നു.

ഡ്രോൺ താഴെവീണ് പൊട്ടിയപ്പോൾ വലിയ ശബ്ദമുണ്ടായി. ഇതോടെ ആളുകൾ കൂടി. അവരിലാരോ അറിയിച്ചതു പ്രകാരം പൊലീസെത്തി ഡ്രോണും തന്നെയും കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു. എല്ലാം വിശദീകരിച്ച് ബോധ്യപ്പെടുത്തിയതോടെ പൊലീസ് വിട്ടയച്ചു. എന്നാൽ ഇപ്പോഴും ആളുകൾ കുറ്റവാളിയെന്ന പോലെയാണ് തന്നോട് പെരുമാറുന്നത്. റിപ്പയറിനായി 3000 രൂപ മുടക്കിയിട്ട്, അത് ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് താൻ ചെയ്തതെന്നും യുവാവ് പറഞ്ഞു.

അതേസമയം പാകിസ്താനിൽനിന്ന് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് ഡ്രോൺ വരുന്നതിനാൽ ജാഗ്രതാനിർദേശമുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രദേശവാസികൾ അർധരാത്രി ഇത്തരമൊരു വിവരം അറിയിക്കുമ്പോൾ സ്വാഭാവികമായും ആശങ്കയുയരും. ഡ്രോണിന്‍റെ ഉടമ അങ്കിത് ഠാക്കൂറിനെതിരെ കേസെടുത്തിട്ടുണ്ട്. ഡ്രോണുമായി ബന്ധപ്പെട്ട് അയാളുടെ പക്കലുള്ള രേഖകൾ പരിശോധിക്കുകയാണ്. അർധ രാത്രിയിൽ എന്തിന് ഡ്രോൺ പറത്തിയെന്ന് അറിയണം. നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Case registered against man for flying drone in Powai without police permission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.