പൊലീസ്​ സ്​റ്റേഷനുകളിൽ സൂക്ഷിച്ച മദ്യം കാണാനില്ല; ചോദിച്ചപ്പോൾ എലി കുടിച്ചെന്ന്​ വിശദീകരണം

ഫരീദാബാദ്​: ഹരിയാനയിലെ പോലീസ് സ്റ്റേഷനുകളിൽ നിന്ന് 29,000 ലിറ്റർ മദ്യം കാണാതായി. 25 വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യമാണ്​ ഇത്തരത്തിൽ കാണാതായത്​. പ്രാദേശികമായി നിർമിച്ച 50,000 ലിറ്റർ മദ്യവും 30,000 ലിറ്റർ വിദേശമദ്യവും 3,000 ക്യാൻ ബിയറുമാണ്​ 30 പൊലീസ് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്നത്​. ​​പിടിച്ചെടുത്ത മദ്യവുമായി ബന്ധപ്പെട്ട് 825 കേസുകളും പോലീസ് രജിസ്റ്റർ ചെയ്തിരുന്നു. 30 പോലീസ് സ്റ്റേഷനുകളിൽ 25 എണ്ണത്തിൽ നിന്നും മദ്യം കാണാതായതായാണ്​ ഹരിയാന പൊലീസ്​ പറയുന്നത്​.


മദ്യം സൂക്ഷിച്ചത്​ 'മാൽഖാന'യിൽ

അടുത്തിടെ പിടിച്ചെടുത്ത മദ്യം പൊലീസ്​ സ്​റ്റേഷനുകളിൽ 'മാൽഖാന' എന്ന്​ വിളിക്കുന്ന തെളിവ്​ സൂക്ഷിക്കുന്ന മുറികളിലാണ്​ വച്ചിരുന്നത്​. കേസുകൾ വിചാരണ ആരംഭിച്ചിരുന്നില്ല. വിധി പ്രഖ്യാപിച്ച ശേഷം സാധാരണ പ്രോട്ടോക്കോൾ പ്രകാരം മദ്യം നശിപ്പിക്കുകയാണ്​ പതിവ്​​. എന്നാൽ മദ്യം നശിപ്പിക്കുന്നതിനുമുമ്പ് കാണാതായതായി ആജ് തക് റിപ്പോർട്ട് ചെയ്തു. കാണാതായ മദ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ്​ പോലീസുകാർ എലികളുടെ മേൽ 'കുറ്റം ചുമത്തി' രംഗശത്തത്തിയത്​. സ്റ്റോർ റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന മദ്യം എലികൾ കുടിച്ചുവെന്നാണ്​ പൊലീസ്​ ഭാഷ്യം.


പ്രാദേശികമായി നിർമിച്ച വാറ്റ്​​ ചാരായം പ്ലാസ്റ്റിക് കുപ്പികളിലാണ്​ സൂക്ഷിച്ചിരുന്നത്​. പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുമ്പോൾ ഇവ ഡ്രമ്മുകളിലേക്ക്​ മാറ്റുകളയാണ്​ ചെയ്യുന്നത്​. അതേസമയം വിദേശ മദ്യം ഗ്ലാസ് ബോട്ടിലുകളിലാണ്​ സൂക്ഷിക്കുന്നത്​. ഇവ എങ്ങിനെ എലി കുടിക്കുമെന്ന ചോദ്യത്തിന്​ ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. സംഭവത്തിൽ ഹരിയാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.