ഗൗതം ഖട്ടർ
പനാജി: ഗോവയുടെ വിശുദ്ധനായി ആദരിക്കപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യൂട്യൂബറും സനാതന മഹാസംഘ് സ്ഥാപകനുമായ ഗൗതം ഖട്ടറിനെതിരെ ഗോവ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഖട്ടറിന്റെ പ്രസംഗം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും വർഗീയ സംഘർഷ സാധ്യതകൾക്കും വഴിവെച്ചതിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ശനിയാഴ്ച വാസ്കോയിൽ നടന്ന 'ഭഗവാൻ പരശുറാം ജന്മോത്സവ്' പരിപാടിയിൽ പ്രസംഗിക്കവെയാണ് ഖട്ടർ വിവാദ പരാമർശങ്ങൾ നടത്തിയത്.
സനാതന ധർമ രക്ഷാ സമിതി മോർമുഗാവോ സംഘടിപ്പിച്ച പരിപാടിയിൽ സംസ്ഥാന ഗതാഗത മന്ത്രി മൗവിൻ ഗോഡിഞ്ഞോ, ബി.ജെ.പി എം.എൽ.എമാരായ സങ്കൽപ് അമോങ്കർ, കൃഷ്ണ സാൽക്കർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഖട്ടറിന്റെ അധിക്ഷേപം. ക്രിസ്ത്യൻ സമൂഹത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നും വർഗീയ സൗഹാർദം തകർക്കാൻ ശ്രമിച്ചെന്നും ചൂണ്ടിക്കാട്ടി കോർട്ടാലിം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പീറ്റർ ഡിസൂസ നൽകിയ പരാതിയിലാണ് വാസ്കോ പൊലീസ് കേസെടുത്തത്. നിലവിൽ ദക്ഷിണ ഗോവ ജില്ലാ പൊലീസ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വിവാദം കൊഴുത്തതോടെ പരിപാടിയുടെ സംഘാടകരായ സനാതന ധർമ രക്ഷാ സമിതി ഖട്ടറിന്റെ പ്രസ്താവനകളെ തള്ളിപ്പറയുകയും ക്രിസ്ത്യൻ സമൂഹത്തോട് പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു. ‘ഇതൊരു ദൗർഭാഗ്യകരമായ സംഭവമാണ്. സ്പീക്കറുടെ വാക്കുകളെ ഞങ്ങൾ അപലപിക്കുന്നു. കാലങ്ങളായി സഹോദരങ്ങളെപ്പോലെ കഴിയുന്ന ക്രിസ്ത്യൻ സഹോദരങ്ങളോട് ഞങ്ങൾ ക്ഷമ ചോദിക്കുന്നു’ സംഘാടകർ പ്രസ്താവനയിൽ പറഞ്ഞു.
പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഗോവ ഫോർവേഡ് പാർട്ടി എന്നിവർ ഖട്ടറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഗോവയുടെ സമാധാനപരമായ സാമൂഹിക വ്യവസ്ഥയെ തകർക്കാനുള്ള നീക്കമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു ശുഭദിനത്തിൽ നടന്ന പരിപാടിയെ വിദ്വേഷ പ്രസംഗത്തിനായി ദുരുപയോഗം ചെയ്തത് പരശുരാമനെപ്പോലും അപമാനിക്കുന്നതിന് തുല്യമാണെന്ന് എ.എ.പി പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിശ്വാസികളുടെ വികാരത്തെയാണ് ഖട്ടർ മുറിവേൽപ്പിച്ചതെന്ന് വിജയ് സർദേശായി പറഞ്ഞു.
1542ൽ ഗോവയിലെത്തിയ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതികാവശിഷ്ടങ്ങൾ പഴയ ഗോവയിലെ ബസിലിക്ക ഓഫ് ബോം ജീസസിലാണ് സൂക്ഷിച്ചിരിക്കുന്നത്. ജാതിമത ഭേദമന്യേ ഗോവക്കാർ 'ഗോയഞ്ചോ സാഹിബ്' ആയി ആദരിക്കുന്ന വിശുദ്ധനെതിരെയുള്ള അധിക്ഷേപം സംസ്ഥാനത്ത് വലിയ രീതിയിലുള്ള വൈകാരിക പ്രതികരണങ്ങൾക്കാണ് കാരണമായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.