ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ ഞായറാഴ്ച നടന്ന വൻ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജൻ സൂരജ് പാർട്ടി സ്ഥാപകനുമായ പ്രശാന്ത് കിഷോർ, അദ്ദേഹത്തിന്റെ പാർട്ടി നേതാക്കൾ, കോച്ചിങ് സെന്റർ ഉടമകൾ, 700ലധികം പ്രതിഷേധക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
ജൻ സൂരജ് പാർട്ടി നേതാവ് മനോജ് ഭാരതി, കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിപ്പുകാരായ റഹ്മാൻഷു മിശ്ര, നിഖിൽ മണി തിവാരി, സുഭാഷ് കുമാർ താക്കൂർ, ശുഭം സ്‌നേഹിൽ എന്നിവരുൾപ്പെടെ ഉള്ളവർക്കെതിരെയാണ് കേസ്.
പട്‌നയിലെ ഗാന്ധി മൈതാനിയിൽ വിദ്യാർഥി പ്രതിഷേധക്കാരെ ഇളക്കിവിട്ടതിനാണ് പ്രശാന്ത് കിഷോറിനെ പ്രതിചേർത്തത്. അനധികൃതമായി ജനങ്ങളെ പ്രതിഷേധത്തിന് പ്രേരിപ്പിക്കുകയും ക്രമസമാധാന പ്രശ്‌നം സൃഷ്‌ടിക്കുകയും ചെയ്‌തുവെന്നാണ് പൊലീസ് ആരോപണം.
ജൻ സൂരജ് പാർട്ടി അനുവാദമില്ലാതെ പ്രതിഷേധ മാർച്ച് നടത്തുകയും പട്‌നയിലെ ഗാന്ധി മൈതാനത്തിന് സമീപം ജനക്കൂട്ടത്തെ നയിക്കുകയും ചെയ്തു. ഇത് അക്രമാസക്തമാവുകയും ഡ്യൂട്ടിയിലായിരുന്ന മജിസ്‌ട്രേറ്റുമാരുമായും പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു.
സിവിൽ സർവിസ് പ്രിലിമിനറി പരീക്ഷക്കിടെ ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ആരോപിച്ചാണ് വിദ്യാർഥികൾ ഡിസംബർ പകുതിയോടെ പ്രക്ഷോഭം ആരംഭിച്ചത്. മത്സര പരീക്ഷയുടെ പുനഃപരിശോധന ആവശ്യപ്പെട്ട് ഉദ്യോഗാർത്ഥികൾ ഞായറാഴ്ച നടത്തിയ പ്രതിഷേധത്തെ തകർക്കാൻ പൊലീസ് ബാറ്റണും ജലപീരങ്കിയും പ്രയോഗിച്ചിരുന്നു. പ്രശാന്ത് കിഷോർ വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും അറിയിച്ചിരുന്നു. വിഷയത്തിൽ കിഷോർ ഇന്ന് രാവിലെ 11ന് വാർത്താസമ്മേളനം നടത്തും.
പ്രശാന്ത് കിഷോർ വിദ്യാർഥി സമരത്തെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ബീഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.