ന്യൂഡൽഹി: മഹാ കുംഭമേളക്കിടെ ശ്രദ്ധേയനായ ഐ.ഐ.ടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്ങിനെ കഞ്ചാവുമായി പൊലീസ് പിടികൂടി. കഞ്ചാവ് കൈവശം വച്ചതിണ് ജയ്പൂർ പൊലീസ് ആണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് (എൻ.ഡി.പി.എസ്) നിയമപ്രകാരം കേസെടുത്തു. എന്നാൽ, പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നും ജാമ്യത്തിലിറങ്ങിയ ബാബ മാധ്യമങ്ങളോട് പറഞ്ഞു.
റിദ്ദി സിദ്ധി മേഖലയിലെ ഹോട്ടലിൽ താമസിക്കുന്ന ഐ.ഐ.ടി ബാബ സംഘർഷം സൃഷ്ടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് ചെറിയ അളവിൽ കഞ്ചാവ് കണ്ടെടുത്തു. അളവ് കുറവായതിനാൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
താൻ അഘോരി ബാബയാണെന്നും ആചാരപ്രകാരം കഞ്ചാവ് കഴിക്കുന്ന ആളാണെന്നും പൊലീസ് ചോദ്യം ചെയ്യലിൽ ഐഐടി ബാബ പറഞ്ഞു. ‘ഞാൻ താമസിച്ചിരുന്ന ഹോട്ടലിൽ എത്തിയ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തു. ബഹളം ഉണ്ടാക്കുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവർ വന്നത്. കുംഭമേളയിലെ മിക്കവാറും എല്ലാ ബാബമാരും പ്രസാദമായി കഞ്ചാവ് കഴിക്കുന്നുണ്ട്. അവരെയെല്ലാം അറസ്റ്റ് ചെയ്യുമോ?’ -അദ്ദേഹം ചോദിച്ചു.
ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി)യിൽനിന്ന് ബിരുദം നേടിയ അഭയ് സിങ് മഹാ കുംഭ മേളക്കിടെയാണ് ഐ.ഐ.ടി ബാബ എന്ന പേരിൽ പ്രശസ്തനായത്. സത്യാന്വേഷണമാണ് തന്നെ ആത്മീയതയിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.