ഉപഭോക്താക്കൾക്ക് ആശ്വാസം; ഹെൽപ് ലൈനിൽ വിളിച്ചവർക്ക് കിട്ടിയത് 45 കോടി

മുംബൈ: റീഫണ്ട് ലഭിക്കാത്തതിന്റെ പേരിൽ നിരാശരായ ആയിരക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമായി ദേശീയ ഉപഭോക്തൃ ഹെൽപ് ലൈൻ (എൻ.സി.എച്ച്). കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം എൻ.സി.എച്ച് 62,700 പരാതികൾ പരിഹരിച്ചു. ഈ വർഷം ഏപ്രിൽ 25 മുതൽ ഡിസംബർ 26 വരെയുള്ള കാലയളവിലാണ് ഇത്രയും പരാതികൾ പരിഹരിച്ചത്. 45 കോടി രൂപ ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകിയതായും ഉപഭോക്തൃകാര്യ മന്ത്രാലയം പുറത്തുവിട്ട ഡാറ്റ പറയുന്നു.

ഇ-കൊമേഴ്സ്, ട്രാവൽ-ടൂറി​സം, ഏജൻസി സർവിസ്, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, എയ​ർലൈൻ തുടങ്ങിയ അഞ്ച് വിഭാഗങ്ങളിലെ ഉപഭോക്താക്കൾക്കാണ് റീഫണ്ടിന്റെ 85 ശതമാനവും നൽകിയത്. ഇ-കൊമേഴ്സ് വിഭാഗമാണ് പരാതികളിൽ ഏറ്റവും മുന്നിൽ. ഇ-കൊമേഴ്സ് ​വിഭാഗത്തിൽ 39,965 പരാതികൾ പരിഹരിച്ച് 32 കോടി രൂപയുടെ റീഫണ്ട് നൽകി. ഇ-കൊമേഴ്സ് കമ്പനികൾ റീഫണ്ട് നൽകിയില്ലെന്ന് കാണിച്ച് മെട്രോ നഗരങ്ങളിൽനിന്നും വിദൂര ഗ്രാമങ്ങളിൽനിന്നും പരാതി ലഭിച്ചിരുന്നു. ദേശീയ ഉപഭോക്തൃ ഹെൽപ് ലൈനിന്റെ സാന്നിധ്യം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതിന്റെ സൂചനയാണിത്. ട്രാവൽ ടൂറിസം മേഖലയിൽനിന്ന് ലഭിച്ച 4,050 പരാതി പരിഹരിച്ച് 3.5 കോടി രൂപയുടെ റീഫണ്ട് നൽകി.

ഉപഭോക്തൃ കാര്യ വകുപ്പിന്റെ പ്രധാന സംരംഭമായ നാഷനൽ കൺസ്യൂമർ ഹെൽപ് ലൈൻ രാജ്യത്തുടനീളമുള്ള പരാതികൾ ഫലപ്രദമായും സമയബന്ധിതമായും പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായി ഔദ്യോഗിക പ്രസ്താവനയിൽ അവകാശപ്പെട്ടു. ഏപ്രിൽ 25 മുതൽ ഡിസംബർ 26 വരെ നാഷനൽ കൺസ്യൂമർ ഹെൽപ് ലൈൻ 67,265 പരാതികൾ വിജയകരമായി പരിഹരിച്ച് 31 മേഖലകളിലെ ഉപഭോക്താക്കൾക്ക് റീഫണ്ട് നൽകി. തർക്കങ്ങൾ സാമ്പത്തിക ബാധ്യതയില്ലാതെ വേഗത്തിലും സൗഹാർദപരമായും പരിഹരിക്കുന്നതിനാൽ ഉപഭോക്തൃ കമീഷനുകളുടെ ഭാരം കുറക്കാൻ കഴിഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി.

നിലവിൽ ഉപഭോക്തൃ പരാതികൾ പരിഹരിക്കുന്നതിന് നാഷനൽ കൺസ്യൂമർ ഹെൽപ് ലൈനുമായി സഹകരിക്കുന്ന കമ്പനികളുടെ എണ്ണം ഉയർന്നു. 1020 ലേറെ കമ്പനികളും സംഘടനകളുമാണ് ഉപഭോക്തൃ ഹെൽപ് ലൈൻ സംവിധാനവുമായി സംയോജിപ്പിച്ചിരിക്കുന്നത്. 1915 എന്ന ടോൾ ഫ്രീ നമ്പറിലൂടെ 17 ഭാഷകളിൽ പരാതി നൽകാനാണ് ഉപഭോക്താക്കൾക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം സൗകര്യം ഒരുക്കിയിരിക്കുന്നത്.

Tags:    
News Summary - govt helpline settles 62,000 consumer complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.