ന്യൂഡൽഹി: ആരവല്ലികളുടെ പുനഃർനിർവചനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനോട് ചോദ്യങ്ങളുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഈ നീക്കം മുഴുവൻ പർവതനിരകളുടെയും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ തകർക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ആരവല്ലി കുന്നുകളുടെ പുനഃർനിർവചനത്തിൽ 100 മീറ്ററോ അതിൽ കൂടുതലോ ഉയരമുള്ള ഭൂപ്രകൃതികളിൽ മാത്രം പരിമിതപ്പെടുത്തുന്ന ആശങ്കകൾ മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് യാദവിന് അയച്ച കത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
‘ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ പരിഗണനക്കായി നാല് പ്രത്യേക ചോദ്യങ്ങൾ ഉന്നയിക്കാൻ എന്നെ അനുവദിക്കുക. 2010 ആഗസ്റ്റ് 28 ലെ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് 2012 മുതൽ രാജസ്ഥാനിലെ ആരവല്ലി കുന്നുകളുടെയും ശ്രേണികളുടെയും നിർവചനം എന്നത് ഒരു വസ്തുതയല്ലേ ? അതിൽ ഇങ്ങനെ പറയുന്നു: മൂന്ന് ഡിഗ്രിയോ അതിൽ കൂടുതലോ ചരിവുള്ള എല്ലാ പ്രദേശങ്ങളെയും കുന്നുകളായി കണക്കാക്കും. കൂടാതെ, 20 മീറ്റർ കുന്നിന്റെ ഉയരത്തിന് തുല്യമായ വികാസം കണക്കാക്കുന്നതിന് താഴ്‌ന്ന വശത്ത് 100 മീറ്റർ വീതിയുള്ള ഒരു ഏകീകൃത ബഫർ സോൺ ചേർക്കും. ഈ നിർവചിക്കപ്പെട്ട പ്രദേശങ്ങളിൽ വരുന്ന പരന്ന പ്രദേശങ്ങൾ, മേടുകൾ, താഴ്ചകൾ, താഴ്‌വരകൾ എന്നിവയും കുന്നുകളുടെ ഭാഗമായി ഉൾപ്പെടുത്തും’.
‘ആരവല്ലിയിലെ ചെറിയ കുന്നിൻ പ്രദേശങ്ങൾ കനത്ത മണൽത്തരികൾ തടഞ്ഞുകൊണ്ട് മരുഭൂമീകരണത്തിനെതിരായ സ്വാഭാവിക തടസ്സങ്ങളായി വർത്തിക്കുന്നു. അങ്ങനെ ഡൽഹിയെയും അയൽ സമതലങ്ങളെയും മണൽക്കാറ്റിൽ നിന്ന് സംരക്ഷിക്കുന്നുവെന്ന് 2025 സെപ്റ്റംബർ 20ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് എഫ്.എസ്.ഐ നൽകിയ കത്തിൽ പറഞ്ഞിട്ടുണ്ടെന്നത് വസ്തുതയല്ലേ’
കാറ്റിൽ വീശുന്ന മണൽ ശൽക്കങ്ങൾക്കെതിരായ ഒരു തടസ്സത്തിന്റെ സംരക്ഷണ ഫലം അതിന്റെ ഉയരവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ 10 മുതൽ 30 മീറ്റർ വരെ ഉയരമുള്ള ചെറിയ കുന്നുകൾ പോലും ശക്തമായ പ്രകൃതിദത്ത കാറ്റിനെ തടയുന്നു.
‘സുപ്രീംകോടതി രൂപീകരിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി (സി.ഇ.സി) 2025 നവംബർ 7 ലെ റിപ്പോർട്ടിൽ, രാജസ്ഥാനിലെ ഖനനത്തിനായുള്ള 164 പാട്ടക്കച്ചവടങ്ങൾ ആരവല്ലി കുന്നുകളിലും ശ്രേണികളിലുംനടന്നതായി കണ്ടെത്തിയത് വസ്തുതയല്ലേ?’
‘പുനഃർനിർവചനം നിരവധി ചെറിയ കുന്നുകളും മറ്റ് ഭൂരൂപങ്ങളും നഷ്ടപ്പെടുന്നതിനും നാല് സംസ്ഥാനങ്ങളെ ഉൾക്കൊള്ളുന്ന മുഴുവൻ ആരവല്ലി കുന്നുകളുടെയും ശ്രേണികളുടെയും ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സമഗ്രതയെ ദുർബലപ്പെടുത്തുന്നതിനും കാരണമാകുമെന്നത് ശരിയല്ലേ?’ - എന്നീ ചോദ്യങ്ങൾ കോൺഗ്രസ് നേതാവ് ഉന്നയിച്ചു.
ആരവല്ലി കുന്നുകളുടെ 90 ശതമാനത്തിലധികവും കുന്നുകളുടെ പുനഃർനിർവചനത്തിന് കീഴിൽ സംരക്ഷിക്കപ്പെടില്ലെന്നും ഖനനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കും അവ തുറന്നുകൊടുക്കുമെന്നും കോൺഗ്രസ് വാദിക്കുന്നു. കടുത്ത പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പർവതനിരകൾക്കുള്ളിൽ പുതിയ ഖനനത്തിനായി പാട്ടങ്ങൾ നൽകുന്നത് പൂർണമായും നിരോധിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.