മുംബൈ: മുംബൈ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ എൻ.സി.പി ശരത് പവാറും, എൻ.സി.പി അജിത് പവാറും തമ്മിലെ ഐക്യശ്രമം ചിഹ്നത്തിൽ മുട്ടി വഴിയടഞ്ഞതോടെ ശിവസേനയുമായി കൂട്ടുചേർന്ന് ശരത് പവാറും സംഘവും. ജനുവരി 15ന് നടക്കുന്ന ബി.എം.സി, പുണെ മുനിസിപ്പൽ കോർപറേഷൻ ഉൾപ്പെടെ 29 മുനിസിപ്പാലിറ്റികളും ജില്ലാ പരിഷത്തുകളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാനുള്ള എൻ.സി.പിയുടെ ശ്രമമാണ് മുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ പുണെയിൽ നടന്ന ഐക്യ ചർച്ച അജിത് പവാറിന്റെ കടുംപിടുത്തത്തിൽ തകർന്നു.
ശരദ് പവാർ വിഭാഗം നേതൃത്വം വെള്ളിയാഴ്ച ഉപമുഖ്യമന്ത്രി അജിത് പവാറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ചർച്ചയിൽ പുരോഗതിയുണ്ടായില്ലെന്ന് എൻ.സി.പി (എസ്.പി) മുതിർന്ന നേതാവ് അങ്കുഷ് കകഡെ പറഞ്ഞു.
എൻ.സി.പിയുടെ പരമ്പരാഗത ചിഹ്നമായ ക്ലോക്ക് കൈവശം വെക്കുന്ന അജിത് പവാർ, എല്ലാ സ്ഥാനാർഥികളും ഈ ചിഹ്നത്തിൽ മത്സരിക്കണമെന്ന ഉപാധി മുന്നോട്ട് വെച്ചെങ്കിലും ശരദ് പവാർ അംഗീകരിച്ചില്ല. ശരദ് പവാർ പക്ഷ എൻ.സി.പിയുടെ കാഹളമൂതുന്ന പുരുഷൻ അടയാളത്തിൽ സഖ്യം ചേർന്ന് മത്സരിക്കാനായിരുന്നു എസ്.പി നിർദേശം. ഇത് അജിത് പവാറും അംഗീകരിച്ചില്ല.
പവാർ കുടുംബ ചർച്ച വഴിമുട്ടിയതോടെയാണ് ശിവസേന സഖ്യത്തിലേക്ക് ചേക്കേറാൻ ശരത് പവാർ തയ്യാറായത്. വെള്ളിയാഴ്ച തന്നെ എൻ.സി.പി നേതാവ് ജയന്ത് പാട്ടീൽ ശിവസേന തലവൻ ഉദ്ധവ് താക്കറെയെ മാതോശ്രീയിലെത്തി കൂടികാഴ്ച നടത്തി സഖ്യ തീരുമാനം അറിയിച്ചു. ജനുവരി 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ശിവസേന ഉദ്ദവ് വിഭാഗവും, രാജ് താക്കറെയുടെ എം.എൻ.എസും ഒന്നിച്ചാണ് മത്സരിക്കുന്നത്. ഇവരുടെ സഖ്യത്തിൽ എൻ.സി.പി ശരദ് പവാർ വിഭാഗവും ചേർന്നതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത് എം.പി അറിയിച്ചു. ബി.എം.സിയിലും പി.എം.സിയിലും സീറ്റ് വിഭജനം ഉൾപ്പെടെ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. ശരദ്പവാറിനെപോലൊരു മുതിർന്ന നേതാവിന്റെ സാന്നിധ്യം സഖ്യത്തിന് കരുത്ത് പകരുമെന്നും, സുപ്രിയ സുലെ, ജയന്ത് പാട്ടിൽ, ശശികാന്ത് ഷിൻഡെ, ഉദ്ധവ് താക്കറെ എന്നിവർ ഉൾപ്പെടെ നേതൃത്വത്തിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നു അദ്ദേഹം പറഞ്ഞു.
മുംബൈയിൽ തനിച്ച് മത്സരിക്കുന്ന കോൺഗ്രസ്, പുണെയിൽ ശിവസേന, എം.എൻ.എസ്, എൻ.സി.പി എസ്.പി സഖ്യത്തിന്റെ ഭാഗമാവാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
അതേസമയം, സംസ്ഥാന ഭരണത്തിൽ പങ്കാളിയും, ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ എൻ.സി.പിയില്ലാതെയാണ് ബി.ജെ.പി-ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗവും മുംബൈ കോർപറേഷനിൽ മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.