മൊറാദാബാദ് (ഉത്തർ പ്രദേശ്): വീട്ടിൽ ഒരുമിച്ച് കൂടി നമസ്‌കാരം നിർവഹിച്ചതിന് 26 പേർക്കെതിരെ യു.പി മൊറാദാബാദ് പൊലീസ് കേസെടുത്തു. ഛാജ്‌ലെറ്റ് ഏരിയയിലെ ദുൽഹെപൂർ ഗ്രാമത്തിലെ വാഹിദ്, മുസ്തഖീം എന്നിവരുടെ വീട്ടിൽവെച്ചാണ് നമസ്കാരം നടന്നത്. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് നമസ്‌കാരം നടത്തിയതെന്നാരോപിച്ച് അയൽവാസികളിൽ ചിലർ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
വീട്ടിൽവെച്ച് ഇത്തരം പരിപാടികൾ നടത്തരുതെന്ന് നേരത്തെ അയൽവാസികൾ ഇവരോട് ആവശ്യപ്പെട്ടിരുന്നത്രെ. ഇതര സമുദായക്കാരായ അയൽവാസികളുടെ എതിർപ്പ് വകവെക്കാതെ വീണ്ടും പ്രാർഥനാ ചടങ്ങ് സംഘടിപ്പിച്ചതിനാലാണ് കേസെടുത്തതെന്ന് പൊലീസ് സൂപ്രണ്ട് സന്ദീപ് കുമാർ മീണ പറഞ്ഞു.
പ്രദേശവാസിയായ ചന്ദ്രപാൽ സിങ്ങിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഗ്രാമത്തിൽ സമാധാനം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണ് പരാതി നൽകിയതെന്ന് പരാതിക്കാരൻ പറഞ്ഞു. നമസ്‌കാരത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
നമസ്കാരത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ഒരു വിഭാഗം ആളുകൾ പൊലീസ് നടപടി ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.