ലഖ്നോ: യു.പിയിൽ ഗൂഗിൾ മാപ്പ് നോക്കി കാറോടിച്ച യാത്രികർ ദേശീയപാതയിലെ പണിതീരാത്ത പാലത്തിൽ അപകടത്തിൽപെട്ടു. പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്കു തൂങ്ങിയ നിലയിലായിരുന്നു കാർ. താഴ്ചയിലേക്ക് പതിക്കാത്തതിനാൽ വലിയ ദുരന്തം ഒഴിവായി.
യു.പിയിലെ മഹാരാജ്ഗഞ്ചിൽ ദേശീയപാത 24ലാണ് അപകടമുണ്ടായത്. റോഡിൽ പാലം പണി നടക്കുന്നുണ്ടായിരുന്നു. പണി പകുതി പൂർത്തിയായ നിലയിലായിരുന്നു പാലമുണ്ടായിരുന്നത്. എന്നാൽ, മാപ്പിൽ ഇതുവഴി തന്നെ സഞ്ചരിക്കാൻ കാണിക്കുകയായിരുന്നു. പാലത്തിലൂടെ പോയ ഡ്രൈവർ റോഡ് അവസാനിച്ചത് കണ്ട് ബ്രേക്കിട്ടെങ്കിലും പാലത്തിന് താഴേക്ക് തൂങ്ങിനിൽക്കുകയായിരുന്നു. യാത്രികരെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി.
പൂർത്തിയാകാത്ത പാലത്തിലേക്ക് പ്രവേശനം തടയുന്ന ബോർഡുകൾ സ്ഥാപിക്കാത്ത കരാറുകാരുടെ ഭാഗത്തും വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴിഞ്ഞ നവംബറിൽ യു.പിയിലെ ബറെയ്‍ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ് കാറിലെ യാത്രികരായ മൂന്ന് പേർ മരിച്ചിരുന്നു. ബറെയ്‍ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലായിരുന്നു അപകടം. അന്നും മാപ്പിൽ കാണിച്ച തെറ്റായ റോഡിലൂടെ വണ്ടിയോടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.