ഡൽഹിയിലും ഗുജറാത്തിലുമായി 182 കോടിയുടെ 'കാപ്റ്റഗൺ' പിടികൂടി;സിറിയൻ സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി:  അതീവ മാരകമായ ‘കാപ്റ്റഗൺ’ മയക്കുമരുന്ന് അന്താരാഷ്ട്ര സംഘത്തിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടിച്ചെടുത്തു. ഇന്ത്യയിൽ ഇതാദ്യമായാണ് കാപ്റ്റഗൺ പിടികൂടുന്നത്.

ഏകദേശം 182 കോടി രൂപ വിലമതിക്കുന്ന 227.7 കിലോഗ്രാം കാപ്റ്റഗൺ ഗുളികകളും പൊടിയുമാണ് ഈ വൻ ഓപ്പറേഷനിലൂടെ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അലാബ്രാസ് അഹമ്മദ് എന്ന സിറിയൻ സ്വദേശിയെ അറസ്റ്റ് ചെയ്തു. 'ഫെനെതൈലിൻ', 'ആംഫെറ്റാമൈൻ' എന്നീ രാസവസ്തുക്കൾ അടങ്ങിയ കാപ്റ്റഗൺ, ഇന്ത്യയിലെ എൻ.ഡി.പി.എസ് നിയമപ്രകാരം കർശനമായി നിരോധിച്ച ഒന്നാണ്. ലഹരിക്കെതിരെയുള്ള സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന്റെ ഉദാഹരണമാണ് ഈ നേട്ടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇന്ത്യ വഴിയോ ഇന്ത്യയിലേക്കോ ഒരു ഗ്രാം മയക്കുമരുന്ന് പോലും കടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയെ ഒരു ട്രാൻസിറ്റ് സോൺ മയക്കുമരുന്ന് സംഘം ഉപയോഗിക്കുന്നുണ്ടെന്ന വിദേശ അന്വേഷണ ഏജൻസിയുടെ രഹസ്യവിവരത്തെ തുടർന്നാണ് എൻ.സി.ബി രംഗത്തിറങ്ങിയത്. തെക്കൻ ഡൽഹിയിലെ നെബ് സരായിലുള്ള ഒരു വാടകവീട് റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥർ 31.5 കിലോഗ്രാം കാപ്റ്റഗൺ ഗുളികകൾ കണ്ടെടുത്തു. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചപ്പാത്തി കട്ടിംഗ് മെഷീന്റെ ഉള്ളിലാണ് ഈ മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. ഇത് ജിദ്ദയിലേക്ക് കയറ്റി അയക്കാനായിരുന്നു പദ്ധതി. അറസ്റ്റിലായ സിറിയൻ സ്വദേശി അഹമ്മദാണ് ഡൽഹിയിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത്. 2024 നവംബറിൽ ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ഇയാളുടെ വിസാ കാലാവധി 2025 ജനുവരിയിൽ കഴിഞ്ഞതായിരുന്നു.

അഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെക്കുറിച്ച് വിവരം ലഭിക്കുന്നത്. സിറിയയിൽ നിന്ന് വന്ന ഒരു ചരക്ക് കണ്ടെയ്നർ എൻ.സി.ബി തടഞ്ഞു പരിശോധിന നടത്തി. ഈ പരിശോധനയിലാണ് ചാക്കുകളിൽ ഒളിപ്പിച്ച നിലയിൽ 196.2 കിലോഗ്രാം കാപ്റ്റഗൺ പൊടി കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താനായിരുന്നു ഈ വൻ മയക്കുമരുന്ന് ശേഖരം ഇന്ത്യയിലെത്തിച്ചത്. 

അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുടെ സഹകരണത്തോടെയാണ് ഈ മാഫിയയെ തകർത്തത്. സാധാരണ ചരക്കുക്കടത്ത് മാർഗ്ഗങ്ങൾ മയക്കുമരുന്ന് കടത്താനായി ഇവർ ഉപയോഗിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. അടുത്തിടെ മുംബൈയിൽ വച്ച് ഇക്വഡോറിൽ നിന്നുള്ള 349 കിലോഗ്രാം കൊക്കെയ്ൻ ഇത്തരത്തിൽ ഒരു ഷിപ്പിംഗ് കണ്ടെയ്നറിൽ നിന്ന് പിടികൂടിയിരുന്നു.

പിടിച്ചെടുത്ത ഗുളികകളിൽ പരസ്പരം കോർത്തുനിൽക്കുന്ന രണ്ട് അർദ്ധചന്ദ്രന്റെ ലോഗോ ഉണ്ടായിരുന്നു. അറബിയിലെ പ്രാദേശിക ഭാഷയിൽ ഈ മരുന്നിനെ ‘രണ്ട് അർദ്ധചന്ദ്രന്മാരുടെ പിതാവ്’ എന്നർത്ഥം വരുന്ന ‘അബു ഹിലാലൈൻ’ എന്നാണ് വിളിക്കുന്നത്. ഈ സംഘത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്ന സാമ്പത്തിക ശൃംഖലകളെയും ഹവാല ഇടപാടുകളെയും അന്താരാഷ്ട്ര തലവന്മാരെയും കുറിച്ചുള്ള വിശദമായ അന്വേഷണം എൻ.സി.ബി തുടരുകയാണ്.

Tags:    
News Summary - Captagon 'hunt'; 'Jihadist drug' worth Rs 182 crore seized in Delhi and Gujarat, Syrian national arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.