ബോംബെ ഐ.ഐ.ടിയിലും വിദ്യാർഥിനിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി

മുബൈ: കുളിമുറി ദൃശ്യങ്ങൾ പകർത്തിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢ് സർവകലാശാലയിൽ പ്രതിഷേധം ശക്തമാവുന്നതിനിടെ ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി ബോംബെ) യിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു.ഞായറാഴ്ച രാത്രി ഹോസ്റ്റൽ നമ്പർ 10ലെ കുളിമുറിയിൽ വെച്ച് ഐ.ഐ.ടിയിലെ കാന്റീന്‍ ജീവനക്കാരൻ രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്നാണ് വിദ്യാർഥിനിയുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പവായ് പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ കാന്റീൻ തൊഴിലാളിക്കെതിരെ കേസെടുത്തെന്ന് പവായ് സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ബുഥൻ സാവന്ത് പറഞ്ഞു. എഫ്‌.ഐ.ആർ ഫയൽ ചെയ്തതിന് പിന്നാലെ ഞായറാഴ്ച രാത്രി തന്നെ ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യലിന് ശേഷം ജീവനക്കാരനെ വിട്ടയച്ചെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.

സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബോംബെ ഐ.ഐ.ടി ഡീൻ (സ്റ്റുഡന്റ് അഫേഴ്സ്) പ്രഫസർ തപനേന്ദു കുണ്ടു വ്യക്തമാക്കി.'പുറത്ത് നിന്ന് കുളിമുറിയിലേക്കുള്ള പ്രവേശനം അടച്ചു. ഹോസ്റ്റലിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഹോസ്റ്റൽ നമ്പർ 10ൽ പരിശോധന നടത്തിയ ശേഷം സി.സി.ടി.വി കാമറകളും ആവശ്യമായ സ്ഥലങ്ങളിൽ കൂടുതൽ ലൈറ്റുകളും സ്ഥാപിച്ചു. പുരുഷ തൊഴിലാളികളാണ് രാത്രി കാന്റീൻ നടത്തിയിരുന്നത്.കാന്റീനിൽ വനിത ജീവനക്കാരെ മാത്രം നിയമിക്കാനാണ് പുതി‍യ തീരുമാനം. നിലവിൽ കാന്റീന് അടച്ചിരിക്കുകയാണ്'- തപനേന്ദു കുണ്ടു വ്യക്തമാക്കി.

അതേസമയം, ചണ്ഡിഗഢ് സർവകലാശാല കാമ്പസിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ ഞായറാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തിനും മുഖ്യമന്ത്രി രൂപം നൽകി.

Tags:    
News Summary - Canteen worker recorded student’s video in hostel bathroom: IIT Bombay students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.