മുംബൈ: ശരദ് പവാറിന്റെയും പ്രതിഭ പവാറിന്റെയും മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്ന് എൻ.സി.പി വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സുപ്രിയ സുലെ. സ്വജന പക്ഷപാതത്തിന്റെ പേരിലും രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയുടെ പേരിലും രാഷ്ട്രീയത്തിൽ നിന്ന് ഒളിച്ചോടാനില്ലെന്നും സുപ്രിയ വ്യക്തമാക്കി. ''കാരണം ഞാൻ ജനിച്ചത് ഒരു രാഷ്ട്രീയ കുടുംബത്തിലാണ്. ശരദ് പവാറിന്റെയും പ്രതിഭയുടെയും മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുന്ന വ്യക്തിയാണ് ഞാൻ. പിന്നെ എന്തിന് ഇതിൽ നിന്നെല്ലാം ഒളിച്ചോടണം. ഇതെല്ലാം ഞാൻ പാർലമെന്റിലും പറഞ്ഞിട്ടുണ്ട്.''-അവർ വ്യക്തമാക്കി. എൻ.സി.പി വർക്കിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുപ്രിയ.
പുതിയ നീക്കത്തിലുടെ അനന്തരവൻ അജിത് പവാറിനെ ഒതുക്കി മകളായ സുപ്രിയയെ ഉയർത്തിക്കൊണ്ടുവരാനാണ് ശരദ് പവാറിന്റെ ശ്രമമെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്. ''മമത ബാനർജി അവരെ സ്നേഹിക്കുന്നതിനെക്കാൾ ശരദ് പവാർ അജിത് പവാറിനെ സ്നേഹിച്ചിരുന്നുവെങ്കിൽ...എന്നാണ് എൻ.സി.പിയിലെ കുടുംബവാഴ്ചയെ പരിഹസിച്ച് ബി.ജെ.പിയുടെ അമിത് മാളവ്യ ട്വീറ്റ് ചെയ്തത്.
''രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ കുറിച്ച് നാം സംസാരിക്കുമ്പോൾ എന്തുകൊണ്ട് അവരുടെ പ്രവർത്തനങ്ങളെ കുറിച്ച് പറയുന്നില്ല. പാർലമെന്റിൽ എന്റെ പ്രകടനത്തെ കുറിച്ച് ശ്രദ്ധിച്ചിട്ടുണ്ടോ. ഇപ്പോൾ പാർലമെന്റ് നടത്തിക്കൊണ്ടു പോകുന്നത് എന്റെ അച്ഛനോ അമ്മാവനോ അമ്മയോ അല്ല. ലോക്സഭയിലെ ചാർട്ട് പരിശോധിച്ചാൽ കാണാം പാർലമെന്റിൽ മികച്ച പ്രകടനമാണ് ഞാൻ കാഴ്ച വെക്കുന്നതെന്ന്. കുടുംബവാഴ്ചയല്ല അവിടെ നടക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് അവിടെ എത്തിയത്. അതിനാൽ ഞാനുൾപ്പെടെയുള്ളവർക്കു നേരെ നിങ്ങൾക്ക് സ്വജനപക്ഷപാതം ആരോപിക്കാൻ കഴിയില്ല.''-സുപ്രിയ പറഞ്ഞു.
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ അജിത് പവാർ ഒരുപാട് കാര്യങ്ങൾ ചെയ്തുവെന്നും സുപ്രിയക്കും പ്രഫുൽ പട്ടേലിനും ഇതുവരെ കാര്യമായ ചുമതലകൾ നൽകിയിട്ടില്ലെന്നുമാണ് വിമർശനങ്ങൾക്ക് ശരദ് പവാർ നൽകിയ മറുപടി. ഇരുവരെയും പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാരാക്കിയത് തന്റെ മാത്രം തീരുമാനമല്ലെന്നും പാർട്ടിയുടെ മൊത്തം ഹിതമനുസരിച്ചാണെന്നും ശരദ് പവാർ പവാർ കൂട്ടിച്ചേർത്തു. അജിത് പവാർ അസന്തുഷ്ടനാണെന്ന് ആരാണ് പറഞ്ഞത്? നിങ്ങൾ അദ്ദേഹത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിച്ചോ?. അതെല്ലാം വെറും അപവാദങ്ങൾ മാത്രമാണെന്നും സുപ്രിയ സുലെ വ്യക്തത വരുത്താൻ ശ്രമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.