ലണ്ടൻ: കേന്ദ്ര സർക്കാറിനെതിരായ ആരോപണങ്ങളുടെ മുന കൂർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ മണ്ണിലേക്കുള്ള ചൈനീസ് സൈന്യത്തിന്‍റെ നുഴഞ്ഞുകയറ്റത്തെ കുറിച്ച് പാർലമെന്‍റിൽ ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തെ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ ഹാൻസ്ലോയിൽ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഒരു പ്രതിപക്ഷമുണ്ടെന്നത് ഭരിക്കുന്ന കക്ഷി അനുവദിച്ചുതരുന്നില്ല. ഇതേ അവസ്ഥയാണ് പാർലമെന്‍റിലും. ചൈനക്കാർ നുഴഞ്ഞുകയറി ഇന്ത്യൻ മണ്ണിൽ ഇരിക്കുമ്പോഴും പാർലമെന്‍റിൽ അതേക്കുറിച്ച് ചോദ്യം ചോദിക്കാൻ ഞങ്ങളെ അനുവദിക്കുന്നില്ല. രാജ്യത്തെ ജനാധിപത്യത്തിന് തന്നെ ഇത് അപമാനമാണ് -രാഹുൽ പറഞ്ഞു.
കേംബ്രിജിലും ഹാവാർഡിലും ഇന്ത്യൻ പ്രതിപക്ഷ നേതാക്കൾക്ക് സംസാരിക്കാം. എന്നാൽ, ഇന്ത്യയിലെ സർവകലാശാലകളിൽ സംസാരിക്കാൻ അനുവാദമില്ല. പ്രതിപക്ഷത്തിന്‍റെ ഒരു ആശയം പോലും ചർച്ചയാവാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നമുക്ക് എല്ലാവർക്കും പരിചയമുള്ള ഒരു ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.
നമ്മുടെത് ഒരു തുറന്ന രാജ്യമാണ്. പരസ്പരം ബഹുമാനിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന രാജ്യം. എന്നാൽ ഇന്നത് നശിപ്പിക്കപ്പെട്ടു കഴിഞ്ഞു. മാധ്യമങ്ങളിൽ വരുന്ന ആഖ്യാനങ്ങൾ നിങ്ങൾക്ക് കാണാനാവും. അപ്പോഴാണ് ഭാരത് ജോഡോ യാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചത് -രാഹുൽ ഗാന്ധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.