‘ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാകില്ല’; ബലാത്സംഗക്കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് ജാമ്യം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: 40കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ 23കാരനായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് സുപ്രീംകോടതി താൽക്കാലിക ജാമ്യം അനുവദിച്ചു. സ്വന്തം താൽപര്യപ്രകാരം യുവാവുമായി ബന്ധം പുലർത്തിയ സ്ത്രീ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബലാത്സംഗക്കേസെടുത്ത ഡൽഹി പൊലീസിന്‍റെ നടപടിയെ കോടതി വിമർശിച്ചു. പരാതിക്കാരിയുടെ പ്രായം പരിഗണിക്കണമെന്നും ഒരു കൈകൊണ്ട് മാത്രം ശബ്ദമുണ്ടാകില്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്.

“ഒരു കൈകൊണ്ട് മാത്രം ശബ്ദം മുഴങ്ങില്ല. എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഐ.പി.സി 376 ചുമത്തിയത്? അവർ കൊച്ചുകുഞ്ഞല്ല, 40 വയസ്സുള്ള സ്ത്രീയാണ്. ഏഴ് തവണ ഇരുവരും ഒന്നിച്ച് ജമ്മുവിൽ പോയി. അവരുടെ ഭർത്താവ് അക്കാര്യം വകവെക്കുന്നുപോലുമില്ല. ഒമ്പതു മാസമായി യുവാവിനെ ജയിലിലടച്ചിരിക്കുകയാണ്. കുറ്റം തെളിയിക്കാൻ ഇതുവരെ കഴിഞ്ഞില്ല. പ്രതിയെ വിചാരണക്കോടതിയിൽ ഹാജരാക്കി ഇടക്കാല ജാമ്യം അനുവദിക്കണം” -കോടതി വ്യക്തമാക്കി.

ജാമ്യത്തിലിറങ്ങിയാലും യുവാവ് പരാതിക്കാരിയുമായി ബന്ധപ്പെടാൻ ശ്രമിക്കരുതെന്ന് കോടതി നിർദേശിച്ചു. നേരത്തെ,  പരാതിക്കാരി ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെ യുവാവിന്‍റെ ജാമ്യ ഹരജി സുപ്രീംകോടതിയിൽ എത്തുകയായിരുന്നു.

2021ൽ ക്ലോതിങ് ബ്രാൻഡിന്‍റെ പ്രൊമോഷനു വേണ്ടിയാണ് പരാതിക്കാരി ഇൻഫ്ളുവൻസറുമായി പരിചയത്തിലായതെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇരുവരും കൂടുതൽ അടുക്കുകയായിരുന്നു. ബലാത്സംഗം, സ്ത്രീകൾക്കെതിരായ അതിക്രമം, ക്രിമിനൽ ഗൂഢാലോചന, സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - 'Can't clap with one hand': Supreme Court grants interim bail to 23-year-old social media influencer in rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.