ന്യൂഡൽഹി: ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിച്ച് കാനഡയിൽ ഖലിസ്ഥാൻ സംഘടന പരിപാടി നടത്തിയ സംഭവത്തിൽ കാനഡക്കെതിരെ രൂക്ഷ വിമർശനവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വാർത്താസമ്മേളനത്തിലാണ് ജയശങ്കർ വിമർശനമുന്നയിച്ചത്.
വിഘടനവാദികൾക്കും തീവ്രവാദികൾക്കും അക്രമികൾക്കും ഇടം നൽകുന്നത് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിന് നല്ലതല്ലെന്ന് ജയശങ്കർ വ്യക്തമാക്കി. വോട്ട് ബാങ്ക് രാഷ്ട്രീയക്കളിക്ക് വേണ്ടിയല്ലാതെ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇതിൽ വലിയ പ്രശ്നങ്ങൾ ഉണ്ട്. ഇത്തരം തീവ്രവാദികൾക്ക് ഇടം നൽകുന്നതിൽ വലിയ പ്രശ്നങ്ങളുണ്ട്. അത് ബന്ധങ്ങൾക്ക് നല്ലതല്ല. കാനഡക്കും നല്ലതല്ല - ജയശങ്കർ മുന്നറിയിപ്പ് നൽകി.
കാനഡയിലെ ബ്രാംറ്റൺ സിറ്റിയിൽ ഖലിസ്ഥാൻ സംഘടന നടത്തിയ പരേഡിലാണ് ഇന്ത്യയുടെ ആദ്യവനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം പുനരാവിഷ്‍കരിച്ചത്. സംഭവത്തെ കനേഡിയൻ ഹൈകമ്മീഷണർ കാമറോൺ മക്കേയ് അപലപിച്ചു.
കാനഡയിൽ വിദ്വേഷത്തിനും അക്രമത്തെ മഹത്വവൽക്കരിക്കുന്നതിനും ഒരു സ്ഥാനവുമില്ലെന്ന് കനേഡിയൻ ഹൈകമീഷണർ കാമറോൺ മക്കേയ് പറഞ്ഞു.
ജൂൺ ആറിന് ബ്ലു സ്റ്റാർ ഓപ്പറേഷന്റെ 39ാം വാർഷികത്തിന് മുന്നോടിയായാണ് ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനി സംഘടന പരിപാടി സംഘടിപ്പിച്ചത്. ഇന്ദിരാഗാന്ധി വധം പുനരാവിഷ്‍കരിക്കുന്ന പരേഡാണ് പരിപാടിയുമായി ബന്ധപ്പെട്ട് അവർ സംഘടിപ്പിച്ചത്.
ഒരു ഇന്ത്യനെന്ന നിലയിൽ കാനഡയിൽ ഇന്ദിരാഗാന്ധിയുടെ വധം പുനരാവിഷ്‍കരിച്ച് നടത്തിയ അഞ്ചു കിലോീറ്റർ പരേഡിനെ അപലപിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് മിലിദ് ദേവ്റ പറഞ്ഞു.
ഇത് പക്ഷം പിടിക്കുന്നത് സംബന്ധിച്ചല്ല, അത് ഒരു രാജ്യത്തിന്റെ ചരിത്രത്തെ ബഹുമാനിക്കുന്നത് സംബന്ധിച്ചാണ്. അതിന്റെ പ്രധാനമന്ത്രിയുടെ വധം മൂലമുണ്ടായ വേദനയെ മാനിക്കുന്നതുമായി ബന്ധപ്പെട്ടാണ്.
ഈ തീവ്രവാദം ലോകം മുഴുവൻ ഏകകണ്ഠമായി അപലപിക്കണം- മിലിന്ദ് ദേവ്റ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.