'ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നം'; ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഇന്ധനവില കുറക്കാൻ കാരണമെന്ന് പി. ചിദംബരം

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്കേറ്റ തിരിച്ചടിയാണ് ഇന്ധന നികുതി കുറക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതമാക്കിയതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. 'ഉപതെരഞ്ഞെടുപ്പിന്‍റെ ഉപോൽപ്പന്നം' എന്നാണ് വിലകുറച്ച നടപടിയെ ചിദംബരം വിശേഷിപ്പിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ 30 നിയമസഭ സീറ്റുകളിലേക്കും മൂന്ന് ലോക്സഭ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം വന്നത്. പലയിടത്തും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റപ്പോൾ കോൺഗ്രസിന് മെച്ചമുണ്ടാക്കാനായി.

'ഉപതെരഞ്ഞെടുപ്പുകൾക്ക് ഒരു ഉപോൽപ്പന്നമുണ്ടായിരിക്കുന്നു -കേന്ദ്രം പെട്രോളിനും ഡീസലിനും മേലുള്ള എക്സൈസ് തീരുവ കുറച്ചിരിക്കുന്നു' -ചിദംബരം ട്വീറ്റ് ചെയ്തു.

ഉയർന്ന നികുതിയീടാക്കുന്നതാണ് ഇന്ധനവില ഉയരാൻ കാരണമെന്ന ഞങ്ങളുടെ വാദത്തിനുള്ള സ്ഥിരീകരണമാണിത്. കേന്ദ്ര സർക്കാറിന്‍റെ അത്യാഗ്രഹമാണ് ഉയർന്ന നികുതിയീടാക്കാൻ കാരണം -മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ ചിദംബരം പറഞ്ഞു.

ചിദംബരത്തിന്‍റെ ട്വീറ്റിന് മറുപടിയുമായി കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ രംഗത്തെത്തി. ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്, അവരുടെ പ്രയാസങ്ങൾ കുറയ്ക്കാൻ ഇടപെടുന്നു എന്നതാണ് ഞങ്ങൾക്കെതിരെയുള്ള ആരോപണമെങ്കിൽ അത് സ്വീകരിക്കുന്നു. ജനങ്ങളുടെ സന്തോഷത്തിലും സങ്കടത്തിലും മോദി സർക്കാർ ഒപ്പമുണ്ട് എന്നതിന്‍റെ തെളിവാണത് -ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തു. 

Tags:    
News Summary - By Elections By Product P Chidambaram On Petrol Diesel Tax Cuts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.