ന്യൂഡൽഹി: സ്ഥിരമായി സ്ത്രീകളിൽ നിന്നും സ്വർണ മാല തട്ടിയെടുത്ത കേസിൽ 24 കാരിയായ യുവതിയും 17കാരനായ സഹോരനും അറസ്റ്റിൽ. ‘ബണ്ടി-ബബ്ലി’ എന്ന പേരിൽ അറിയപ്പെടുന്ന സഹോദരങ്ങൾ 2005ലെ ബോളിവുഡ് ചിത്രമായ ‘ബണ്ടി ഔർ ബബ്ലി’യിലെ പ്രധാന കഥാപാത്രങ്ങളെ അനുകരിച്ചാണ് തട്ടിപ്പ് നടത്തിയത്. അറസ്റ്റിലായ സഹോദരങ്ങളുടെ പക്കൽനിന്ന് മോഷണത്തിനുപയോഗിച്ച ബൈക്കും തട്ടിയെടുത്ത സ്വർണ മാലകളും കണ്ടെടുത്തിട്ടുണ്ട്. മാളവ്യ നഗറിൽ നടന്ന മോഷണത്തെ സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങളെ പിടികൂടിയത്. ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
മാർക്കറ്റിൽ നിന്നും ഭർത്താവിനോടൊപ്പം നടന്ന് പോവുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ സഹോദരങ്ങൾ മാല തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. സഹോദരൻ ബൈക്കോടിക്കുകയും സഹോദരി പിന്നിലിരുന്ന് മാല തട്ടിപ്പറിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇതുകൂടാതെ നാല് കേസുകൾ കൂടി ഇവരുടെ പേരിലുണ്ട്. മിക്ക കേസുകളിലും ബൈക്കിന് പിൻ സീറ്റിലിരുന്ന യുവതിയാണ് മാല തട്ടിപ്പറിച്ചതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും തെളിഞ്ഞിട്ടുണ്ട്. പ്രാദേശിക ഇന്റലിജൻസിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞ പ്രതികളെ പുഷ്പവിഹാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
ഇവരുടെ മാതാപിതാക്കൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഡൽഹിയിൽ അറിയപ്പെടുന്ന ക്രിമിനൽ സംഘത്തിലെ അംഗമായിരുന്നു ഇവരുടെ പിതാവെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ പറഞ്ഞു. 2018ൽ ഉത്തർപ്രദേശിൽ നടന്ന കവർച്ചക്കിടെ ഇയാൾ പൊലീസിന് നേരെ വെടിയുതിർത്തിരുന്നു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരു പൊലീസുകാരന് പരിക്കേൽക്കുകയും ചെയ്തു. അന്നത്തെ വെടിവെപ്പിൽ പരിക്കേറ്റ ഇവരുടെ പിതാവ് പിന്നീട് വീൽചെയറിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.