ബംഗളൂരു: ബുൾഡോസർ രാജ് സംബന്ധിച്ച് സുപ്രീം കോടതി മാർഗനിർദേശങ്ങൾ കർണാടകയിൽ ലംഘിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച അഞ്ച് ഏക്കർ സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിനായി ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) പുലർച്ച യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300റിലേറെ ചേരി വീടുകൾ മുന്നറിയിപ്പില്ലാതെ പൊളിച്ചുമാറ്റി.
ബംഗളൂരുവിൽ നടന്ന 3000ത്തോളം ആളുകളെ ഭവനരഹിതരാക്കി ഇടിച്ചുനിരത്തലിൽ മാർഗനിർദേശങ്ങൾ പാലിക്കുകയോ മാനുഷിക പരിഗണന നൽകുകയോ ചെയ്തിരുന്നില്ല.
പുലർച്ച നാലരയോടെ തുടങ്ങിയ ബുൾഡോസർ രാജിൽ ചേരി വീടുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യുകയും വൈകിട്ട് അഞ്ചോടെ മുഴുവൻ പ്രദേശവും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയായിരുന്നു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ അഞ്ച് ട്രാക്ടറുകളും ഒമ്പത് ജെ.സി.ബി മെഷീനുകളും ഉപയോഗിച്ചു. 70 ജി.ബി.എ മാർഷൽമാരെയും 200 പൊലീസ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടായിരുന്നു.
അധികാരികൾ നോട്ടീസ് നൽകാതെയാണ് ബുൾഡോസർ രാജ് നടത്തിയതെന്ന് ദുഡിയുവ ജനറ വേദികെ നേതാവ് മനോഹർ എലവർത്തി ആവർത്തിച്ച് പറഞ്ഞു. ബുൾഡോസർ രാജ് തെറ്റാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരം നൽകിയ മുന്നറിയിപ്പും കർണാടക സർക്കാർ അവഗണിക്കുകയായിരുന്നു.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്വത്തുക്കൾ പൊളിച്ചുമാറ്റുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പിയുടെ 'ബുൾഡോസർ നീതി' അനുകരിക്കാനുള്ള കർണാടക സർക്കാറിന്റെ നിർദേശത്തെ പി. ചിദംബരം വിമർശിച്ചിരുന്നു.
മയക്കുമരുന്ന് വിൽപനക്കാരുടെ വീടുകൾ തകർക്കുമെന്ന കർണാടക ആഭ്യന്തര മന്ത്രി ഡോ.ജി.പരമേശ്വരയുടെ പ്രസ്താവനയോടായിരുന്നു ചിദംബരം പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.