അലഹബാദ്: ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ് നടപ്പാക്കുന്നു. കൊലക്കേസ് പ്രതിയായ മുൻ എം.പി അതീഖ് അഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സഫ്ദർ അലി എന്നയാളുടെ വീടാണ് ഇന്ന് ഇടിച്ചു നിരപ്പാക്കിയത്. എന്നാൽ, തനിക്ക് അതീഖ് അഹമ്മദുമായി ബന്ധമില്ലെന്ന് സഫ്ദർ അലി പറഞ്ഞു.
കനത്ത പൊലീസ് സംരക്ഷണത്തിലായിരുന്നു പൊളിച്ചു നീക്കൽ നടപടി. അതീഖിന്റെ സഹായിയെന്നാരോപിച്ച് സഫർ അഹമ്മദ് എന്നയാളുടെ വീട് ഇന്നലെ തകർത്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ന് സഫ്ദർ അലിക്കെതിരായ നടപടി. ഇരുനില വീട് പൊളിക്കാൻ മൂന്ന് ബുൾഡോസറുകളാണ് വിന്യസിച്ചത്. ധൂമംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കെട്ടിടം. ഇത് അനധികൃതമായി നിർമ്മിച്ചതാണെന്ന് പ്രയാഗ്‌രാജ് വികസന അതോറിറ്റി അധികൃതർ ആരോപിച്ചു.
ബി.എസ്.പി എം.എൽ.എ രാജു പാൽ വധക്കേസിൽ പ്രതിയാണ് അതീഖ്. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. അതേസമയം, തന്നെയും കുടുംബത്തെയും കള്ളക്കേസിൽ ഉൾപ്പെടുത്തിയിരിക്കുകയാണെന്നും വ്യാജ ഏറ്റുമുട്ടലിൽ താൻ കൊല്ലപ്പെട്ടേക്കാമെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് അതീഖ് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.