പൂവാലശല്യത്തെതുടർന്ന് പെൺകുട്ടി മരിച്ച സംഭവം: യു.പിയിൽ സ്ത്രീകൾ അരക്ഷിതരെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബുലന്ദ്ശഹറിൽ പൂവാല ശല്യത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ അപകടത്തിൽ യുവതി മരിച്ച സംഭത്തിൽ സർക്കാറിനെതിര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർ പ്രദേശിൽ നിയമത്തെ ആർക്കും പേടിയില്ലെന്നും സ്ത്രീകൾ അരക്ഷിതരെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. സ്ത്രീകളോടുള്ള അക്രമണത്തെ സർക്കാർ വിലകുറച്ചു കാണുകയാണ്, അതാണ് സംസ്ഥാനത്ത് നിരന്തരം സ്ത്രീകൾക്കെതിരെ ആക്രമങ്ങളുണ്ടാവാൻ കാരണമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. ബി.എസ്.പി നേതാവ് മായാവതിയും പ്രതികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

സ്കോളർഷിപ്പോടെ യു.എസിലെ സർവകലാശാലയിൽ ഉന്നത പഠനം നടത്തുകയായിരുന്ന പത്തൊമ്പതുകാരിയാണ് ബുലന്ദ്​ശഹറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. ഗൗതം ബുദ്ധനഗർ സ്വദേശിയായ സുധീക്ഷാ ഭതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്​. ബന്ധുവിനൊപ്പം ബുലന്ദ്​ശഹറിലേക്കുള്ള സ്കൂട്ടർ യാത്രക്കിടെയാണ്​ അപകടം. സ്​കൂട്ടറിനെ പിന്തുടർന്ന പൂവാലന്മാർ ഇവരെ ഇടിച്ച്​ തെറിപ്പിക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ സുധീക്ഷയുടെ അമ്മാവൻ ചികിത്സയിലാണ്​.

സ്കൂട്ടറിൽ വരികയായിരുന്ന സുധീക്ഷയെ പൂവാലന്മാർ മോശം കമൻറുകളുമായി ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ യുവാക്കൾ ബൈക്കഭ്യാസം നടത്തി. സ്​കൂട്ടറി​ന്‍റെ സ്​പീഡ്​ കുറ​ച്ചിരുന്നെങ്കിലും അഭ്യാസത്തിനിടെ ബൈക്ക്​ നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ്​ പരിക്കേറ്റ ബന്ധു മൊഴി നൽകിയത്​. സംഭവത്തിൽ പൊലീസ്​ കേസെടുത്തു. എന്നാൽ അപകടമുണ്ടായത്​ എങ്ങനെ എന്നതിനെ കുറിച്ച്​ പൊലീസ്​ വ്യക്തമാക്കിയിട്ടില്ല.

2018ലെ സി.ബി.എസ്​.ഇ പന്ത്രണ്ടാംക്ലാസ്​ പരീക്ഷയിൽ സംസ്ഥാനത്ത്​ ഏറ്റവും കൂടുതൽ മാർക്ക്​ വാങ്ങിയ വിദ്യാർഥിയായിരുന്നു സുധീക്ഷ ഭതി. ഹ്യൂമാനിറ്റീസിൽ 98 ശതമാനം മാർക്ക്​ നേടിയ സുധീക്ഷക്ക്​ മസാച്യുസെറ്റ്​സിലെ ബാബ്​സൺ കോളജിൽ സ്​കോളർഷിപ്പോടെ ബിരുദത്തിന്​ പ്രവേശനം ലഭിച്ചിരുന്നു. കോവിഡ്​ മൂലം ജൂണിൽ തിരിച്ചെത്തിയ സുധീക്ഷ ഈമാസം 20ന്​ അമേരിക്കയിലേക്ക് മടങ്ങാനിരിക്കെയാണ്​ അപകടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.